തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു. പശ്ചിമബംഗാളില്‍ ഇടതു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായെങ്കിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.
രാവിലെ പതിനൊന്നിന് ഡല്‍ഹി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. 1991 ന് ശേഷമുള്ള രണ്ടാമത്തെ ദ്വിദിന പണിമുടക്കില്‍ 20 കോടിയിലേറെ തൊഴിലാളികളാണ് അണിനിരന്നത്. പണിമുടക്കിയ തൊഴിലാളികള്‍ തീവണ്ടികളും സ്വകാര്യവാഹനങ്ങളും തടഞ്ഞാണ് തങ്ങളുടെ പ്രതിഷേധമറിയിച്ചത്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ദിവസം രാവിലെ വേണാട് എക്‌സ്പ്രസ് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പോലീസ് എത്തി നീക്കിയ ശേഷം 40 മിനിറ്റ് വൈകിയാണ് വേണാട് എക്‌സ്പ്രസ് പുറപ്പെട്ടത്. ഇന്നലെ തുടങ്ങിയ 48 മണിക്കൂര്‍ പണിമുടക്ക് ബംഗാള്‍, ഒഡീഷ, അസ്സം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പൂര്‍ണമായിരുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. വ്യാവസായിക, കാര്‍ഷിക മേഖലകളെ പണിമുടക്ക് ബാധിച്ചു.