കൊച്ചി: അവധിക്കാലമായതിനാല്‍ സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയെന്ന് അധികൃതര്‍. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, രാജ്യത്ത് കേസുകള്‍ കൂടി വരികയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആര്‍ജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എന്‍ വണ്‍ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക.
എന്നാല്‍ പുതിയ വകഭേദവും കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. നിലവില്‍ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്.
ആള്‍ക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ നിന്ന് അകന്ന് നില്‍ക്കണം എന്നിവയാണ് വിദഗ്ധര്‍ നല്കുന്ന നിര്‍ദേശം.
Discussion about this post