മലപ്പുറം: വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളെ വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ച് പണംതട്ടിയ ആള് പിടിയിലായി. മലപ്പുറത്താണ് സംഭവം. കുറ്റിപ്പുറം സ്വദേശി പാപ്പിനിശ്ശേരി അബ്ദുള്‍ നാസര്‍ (കിങ്ങിണി നാസറിനെ -44) നെയാണ് കാളികാവ് പൊലീസ് പിടികൂടിയത്.
നാസറിനെതിരെ ചോക്കാട് മാളിയേക്കല്‍ സ്വദേശിനി നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ മൂന്നുപവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത് മുങ്ങി എന്ന പരാതിയിലാണ് നാസറിനെ അറസ്റ്റുചെയ്തത്.നിക്കാഹ് ദിനത്തില്‍ അഞ്ചുപവന്‍ ആഭരണമാക്കി കൊണ്ടുവരാം എന്നു പറഞ്ഞ് കടന്നുകളയുകയായിരുന്നു.
നാസര്‍ വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ വീടുകളില്‍പ്പോയി പെണ്ണു കാണുകയും പിന്നീട് ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയുമാണ് പതിവ്. സ്ത്രീകളെ കബളിപ്പിച്ച് ആഭരണം കൈക്കലാക്കുന്നതിനു പുറമെ പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങളിലും പ്രതി തട്ടിപ്പു നടത്തിയിട്ടുണ്ട്.
നിലവില്‍ പയ്യന്നൂര്‍, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പതു മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാംഭാര്യയുടെ വീട്ടില്‍വെച്ചാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ മലപ്പുറം, പാലക്കാട് ജില്ലകളിലായി കേസുകളുണ്ട്.
Discussion about this post