പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പിന്റെ സ്ഥിരം നോട്ടപ്പുള്ളിയായ റോബിൻ ബസിന് ഒടുവിൽ മോചനം. ഒരു മാസം എംവിഡിയുടെ കസ്റ്റഡിയിൽ കഴിഞ്ഞ ബസ് ഉടമ പിഴയടച്ചതോടെ വിട്ടു നൽകി. പെർമിറ്റ് ലംഘനം ആരോപിച്ചാണ് മോട്ടർ വാഹന വകുപ്പ് നവംബർ 23ന് പുലർച്ചെ റോബിൻ ബസ് പിടിച്ചെടുത്തത്.
ഒടുവിൽ പെർമിറ്റ് ലംഘനത്തിനു ചുമത്തിയ 82,000 രൂപ ഉടമ ബേബി ഗിരീഷ് അടച്ചതിനു പിന്നാലെ ബസ് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടു. തുടർന്നാണ് പിടിച്ചെടുത്ത് ഒരു മാസത്തിനു ശേഷം എംവിഡി ബസ് വിട്ടു നൽകുന്നത്.
ക്രിസ്മസ് കഴിഞ്ഞ് 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ബേബി ഗിരീഷ് കോടതിയെ സമീപിക്കുകയായിരുന്നു.
നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങുമ്പോഴാണ് പോലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ് ക്യാംപിലേക്കു മാറ്റിയത്.