തിരുവനന്തപുരം: വീട്ടിലെ പണിക്കാര്‍ക്ക് കുഴി കുത്തി കഞ്ഞി കൊടുത്തിരുന്നെന്ന ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ കേസെടുത്ത് പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷന്‍. ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയിലിന്റെ പരാതിയിലാണ് കേസ്. അടുത്ത ഏഴു ദിവസത്തിനകം എറണാകുളം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
കൃഷ്ണ കുമാറിനെതിരെ സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച വ്‌ളോഗിലായിരുന്നു നടന്റെ വിവാദ പരാമര്‍ശം.
പണ്ട് തന്റെ വീട്ടില്‍ ജോലിക്കു വന്നിരുന്ന ആളുകള്‍ക്ക് പറമ്പില്‍ കുഴികുത്തി പഴങ്കഞ്ഞി വിളമ്പിയിരുന്നു എന്നും അവര്‍ പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുന്നതിനെ കുടിച്ചോര്‍ക്കുമ്പോ ഇപ്പോഴും കൊതി വരുമെന്നുമായിരുന്നു അഭിമാനത്തോടെ കൃഷ്ണകുമാര്‍ പറഞ്ഞത്.
ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതോടെ കടുത്ത വിമര്‍ശനമാണ് നടന് നേരെ ഉണ്ടായത്. പിന്നാലെയാണ് പട്ടിക ജാതി-പട്ടിക വര്‍ഗ കമ്മീഷനും ധന്യ രാമനുമടക്കം പരാതിയുമായി എത്തിയത്.
കൃഷ്ണകുമാറിന്റെ പരാമര്‍ശത്തില്‍ എഴുത്തുകാരി എസ് ശാരദക്കുട്ടിയും പ്രതികരിച്ചിരുന്നു. ഏതോ പ്രാകൃത കാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമര്‍ശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണെന്നായിരുന്നു ശാരദക്കുട്ടി വിമര്‍ശിച്ചത്. കൃഷ്ണകുമാര്‍ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാര്‍ ചെയ്യുന്നതെന്നായിരുന്നു ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
Discussion about this post