അങ്കമാലി: കറുകുറ്റിയില്‍ വന്‍ തീപിടുത്തം. ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മൂന്നുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒരാള്‍ മരിച്ചു. ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്നുനില കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു.
അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ എതിര്‍വശത്തുള്ള ന്യൂ ഇയര്‍ ഗ്രൂപ്പിന്റെ ഓഫീസ് കെട്ടിടത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ തീപ്പിടിത്തമുണ്ടായത്. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്‌നി രക്ഷാ സേനാ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പൂര്‍ണമായും അണക്കാനായിട്ടില്ല.
തീയണച്ച ശേഷം രാത്രി പതിനൊന്നു മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കരയാംപറമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ബാബുവിന്റേതാണ് മൃതദേഹമെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്. തീപ്പിടിത്തമുണ്ടായ സമയത്ത് ബാബു ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടില്‍ ചെന്നിട്ടില്ല. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ടാണ് ബാബു ഓഫീസില്‍ എത്തിയത്. ഇദ്ദേഹം കെട്ടിടത്തില്‍ കുടുങ്ങിയിട്ടുള്ളതായി രക്ഷപ്പെട്ട ജീവനക്കാര്‍ പറഞ്ഞിരുന്നു.
കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തില്‍ കോടികളുടെ നാശനഷ്ടമുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് പോര്‍ച്ചുണ്ട്. കയര്‍ ഉപയോഗിച്ചാണ് പോര്‍ച്ചിന്റെ സീലിങ് നടത്തിയിരിക്കുന്നത്. ഈ ഭാഗത്തുനിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് നക്ഷത്രങ്ങള്‍ തൂക്കിയിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന വയര്‍ കത്തിയതാണോ തീപ്പിടിത്തത്തിന് കാരണം എന്ന് അന്വേഷിക്കുന്നുണ്ട്. ഓഫീസ് കെട്ടിടത്തിലുണ്ടായിരുന്ന 24 ജീവനക്കാര്‍ ഓടി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. കെട്ടിടത്തിന്റെ അകം പൂര്‍ണമായും മരംകൊണ്ട് പാനല്‍ ചെയ്തിട്ടുണ്ട്. ഇതിനെല്ലാം തീപിടിച്ചതിനാലാണ് തീയണയ്ക്കാന്‍ ഏറെ സമയം വേണ്ടിവന്നത്.