വീട്ടുജോലിക്കാര്‍ക്ക് കുഴികുത്തി പഴങ്കഞ്ഞി നല്‍കിയെന്ന കൃഷ്ണകുമാറിന്റെ വാക്കുകള്‍, പുലിവാല് പിടിച്ച് ബിജെപി നേതാവ്, പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ ജാതിപരാമര്‍ശം നടത്തിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ പരാതിയുമായി സാമൂഹ്യ പ്രവര്‍ത്തക. ധന്യ രാമനാണ് കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

സംഭവത്തിന് കാരണക്കാരായ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ധന്യ രാമന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. പണ്ട് കാലത്ത് വീട്ടില്‍ ജോലിക്കായി എത്തിയ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് കുഴികുത്തി അതില്‍ കഞ്ഞി ഒഴിച്ചതിനെ കുറിച്ചാണ് കൃഷ്ണകുമാര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്.

also read:കടബാധ്യതയെന്ന് സംശയം, കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

ജോലിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കൊതിവരുന്നുണ്ടെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ധന്യ രാമന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പരാതിയുടെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ മുന്‍പാകെ ധന്യ രാമന്‍ ബോധിപ്പിക്കുന്ന പരാതി. വിഷയം: ബിജെപി നേതാവും മുന്‍ തിരെഞ്ഞെടുപ്പിലെ തിരുവനന്തപുരം നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ആയിരുന്ന കൃഷ്ണകുമാര്‍, ഇന്ത്യന്‍ ഭരണ ഘടന പ്രകാരവും രാജ്യത്ത് നിലവിലിരിക്കുന്ന നിയമ പ്രകാരവും നിരോധിച്ചതും കുറ്റകര മാക്കിയതുമായ തൊട്ടുകൂടായ്മയും ജാതീയ പരമായ വിലക്കും മനുഷ്യ അവകാശങ്ങളെ ലംഘിച്ചും നടത്തിയ കുറ്റകൃത്യങ്ങളെ പറ്റി സമൂഹ മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനെ കുറിച്ച് കേസ് എടുക്കുന്നത് സംബന്ധിച്ച്.

സര്‍,

സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രചരിക്കപ്പെട്ട വീഡിയോയില്‍ കൃഷ്ണ കുമാറിന്റെ മാതാവ് തറയില്‍ കുഴി കുഴിച്ചു ആള്‍ക്കാര്‍ക്ക് ആഹാരം കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുന്നു. ആയത് ഇവിടുത്തെ പിന്നോക്ക വിഭാഗക്കാരെയും ഭരണഘടന നിലവില്‍ വന്ന ശേഷവും 1955 ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആക്ട് ഈ രാജ്യത്ത് നിലവില്‍ വന്ന ശേഷവും ആണെന്ന് മനസിലാക്കാവുന്നതാണ്. നിയമപരമായി നിരോധിച്ചതും കുറ്റകരമാക്കിയതുമായ മേപ്പടി പ്രവര്‍ത്തി ശിക്ഷാര്‍ഹവുമാണ്.

ഈ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പിന്നോക്ക വിഭാഗക്കാരിയായ എനിക്ക് ഈ വെളിപ്പെടുത്തലില്‍ അതീവ ദുഖവും ഞെട്ടലും ആയതില്‍ മാനസീക വേദന ഉണ്ടായിട്ടുള്ളതും ടിയാനും ടിയാന്റെ ബന്ധുക്കളും നടത്തിയ മേപ്പടി കുറ്റകൃത്യത്തില്‍ എനിക്ക് പരാതി ഉണ്ട്. ഈ സംഭവത്തിന് കാരണകാരായ മുഴുവന്‍ പേര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി കള്‍ സ്വീകരിക്കുന്നതിനു ഈ പരാതി അങ്ങയുടെ മുന്‍പില്‍ ബോധിപ്പിക്കുന്നു
എന്ന് ധന്യ രാമന്‍

Exit mobile version