വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്: ‘മൊഴി മാറ്റി പറയാന്‍ നിര്‍ബന്ധിച്ചു’ അര്‍ജുനെതിരെ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍

പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ അര്‍ജുന്‍ ഭയപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി.

ഇടുക്കി: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടിയുടെ സഹോദരന്‍ രംഗത്ത്. സാക്ഷികളായ പെണ്‍കുട്ടിയുടെ സഹോദരനോടും സുഹൃത്തുക്കളോടും മൊഴിമാറ്റിപ്പറയാന്‍ പ്രതിയായ അര്‍ജുന്‍ പറഞ്ഞതായി ആറ് വയസുകാരിയുടെ സഹോദരന്‍ പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ അര്‍ജുന്‍ ഭയപ്പെട്ടിരുന്നതായും സാക്ഷി വെളിപ്പെടുത്തി. പോലീസ് എത്ര ശ്രമിച്ചാലും തെളിവൊന്നും കിട്ടില്ലെന്ന് അര്‍ജുന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

സഹോദരന്റെ വാക്കുകള്‍….

സംഭവ ദിവസം രണ്ടര കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയിരുന്നു. ആ സമയത്താണ് അശോക് മുടിവെട്ടാന്‍ വേണ്ടിയിട്ട് വന്നതെന്ന് സഹോദരന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഉപ്പും മുളകും പരിപാടി കണ്ടുകൊണ്ടിരുന്നു. ഞാന്‍ വെള്ളവും ചീര്‍പ്പും കത്രികയുമെടുത്ത് പുറത്ത് പോയി.

സുജിനും അര്‍ജുനും ഞങ്ങളുടെ കൂടെ വന്നു. പിന്നീട് സുജിനെ പാഷന്‍ഫ്രൂട്ട് പറിക്കാന്‍ വേണ്ടി അര്‍ജുന്‍ പറഞ്ഞുവിട്ടു. സുജിന്‍ തിരിച്ചുവന്നപ്പോള്‍ പാഷന്‍ ഫ്രൂട്ടുമായി അര്‍ജുന്‍ വീടിന് അകത്തേക്ക് പോയി. പിന്നീട് ശബ്ദം ഒന്നും കേട്ടില്ല.

ഓണ്‍ലൈന്‍ ക്ലാസ് മൂന്നരയോടെയാണ് തീര്‍ന്നതെന്നും ആ സമയത്തേക്ക് മുടിയും വെട്ടി തീരാറായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഏറെ നേരം കാണാതായ അര്‍ജുന്‍ ആ സമയത്താണ് തിരികെ വന്നത്.

മുടിവെട്ടുന്ന സമയത്ത് ഓണ്‍ലൈന്‍ ക്ലാസ് തീരുന്ന വരെ നാല് പേരും ഒരുമിച്ചായിരുന്നു എന്ന് പറയാന്‍ അര്‍ജുന്‍ നിര്‍ബന്ധിച്ചു. പാഷന്‍ ഫ്രൂട്ടിന്റെ കാര്യം പോലീസിനോട് പറയരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ALSO READ ചെളിയും വെള്ളവും നിറഞ്ഞ കുഴിയില്‍ അകപ്പെട്ട് കാട്ടാനയും കുഞ്ഞും, രക്ഷകരായി വനംവകുപ്പ്

കൂടാതെ ഒരു തെളിവുമില്ലെന്ന് അര്‍ജുന്‍ മറ്റൊരാളോട് പറയുന്നത് താന്‍ കേട്ടിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ നഖത്തിന്റെ കാര്യം എന്റടുത്ത് വന്ന് ചോദിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് മുടി കിട്ടിയെന്നും പറഞ്ഞപ്പോള്‍ എന്റെ കൈയ്യില്‍ നഖമുണ്ടെന്ന് പറഞ്ഞ് കൈ കാണിച്ചു.

അര്‍ജുന്‍ വല്ലാതെ ഭയന്നിരുന്നു. നഖം മുറിച്ച് കൊടുക്കാനും മുടിവെട്ടിക്കൊടുക്കാനും പറഞ്ഞപ്പോള്‍ അവന്‍ വിറയ്ക്കുകയായിരുന്നു. സൈഡില്‍ പോയി വിരലും കടിച്ച് നില്‍ക്കുകയായിരുന്നു അര്‍ജുനെന്നും സഹോദരന്‍ വെളിപ്പെടുത്തി.

Exit mobile version