തിരുവനന്തപുരം: പണ്ട് തന്റെ വീട്ടില്‍ പറമ്പ് വൃത്തിയാക്കാന്‍ എത്തിയ പണിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഇല വച്ച് പഴങ്കഞ്ഞി വിളമ്പിയ അനുഭവം പങ്കുവച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം.
തൊട്ടുകൂടായ്മ സമ്പ്രദായങ്ങളില്‍ അഭിമാനം കൊളളുന്ന നൊസ്റ്റാള്‍ജിയയായിട്ടാണ് കൃഷ്ണകുമാര്‍ പങ്കുവച്ചത്. വീട്ടില്‍ പണിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്ന രീതി വളരെ സാധാരണമെന്ന നിലയിലാണ് കൃഷ്ണകുമാര്‍ അവതരിപ്പിച്ചത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയാണ് വിവാദമായിരിക്കുന്നത്.
കൊച്ചിയിലെ ഹോട്ടല്‍ മാരിയറ്റില്‍ താമസിക്കുമ്പോള്‍ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഉണ്ടായ ഓര്‍മകളെക്കുറിച്ചാണ് കൃഷ്ണകുമാര്‍ പറയുന്നത്. മണ്ണില്‍ പണിയെടുത്തിരുന്നവര്‍ക്ക് കുഴികുത്തി ഭക്ഷണം നല്‍കിയിരുന്നത് ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആകുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയിരുന്നു.
ഞാന്‍ എറണാകുളത്ത് താമസിച്ചിരുന്ന സമയത്ത് അവിടെ പറമ്പ് വൃത്തിയാക്കാന്‍ പണിക്കാര്‍ വരുമായിരുന്നു. അവര്‍ക്ക് 11 മണിയാകുമ്പോള്‍ പണി ചെയ്ത പറമ്പില്‍ തന്നെ കുഴിയെടുത്ത് അതില്‍ ഇലയിട്ട് പഴങ്കഞ്ഞി ഒഴിച്ച് കൊടുത്തിരുന്നു. അവര്‍ പ്ലാവില ഉപയോഗിച്ച് അത് കുടിച്ചിരുന്നത് ഞാന്‍ കൊതിയോടെ നോക്കിനില്‍ക്കുമായിരുന്നു’ – കൃഷ്ണകുമാര്‍ പറഞ്ഞു. പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നതിനിടെയാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറഞ്ഞത്.