കരിപ്പൂർ: വിമാനത്താവളത്തിൽ വന്നിറങ്ങി പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ വ്യക്തിയുടെ കൈയ്യിൽ നിന്നും സ്വർണം പിടിച്ചെടുത്തു. കാസർകോട് സ്വദേശി മുഹമ്മദ് ബിഷറത്ത് (24) ആണ് പിടിയിലായത്. ഇയാൾ ലഗേജിൽ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിലാണ് സ്വർണ ബട്ടൺ പിടിപ്പിച്ചിരുന്നത്.
കസ്റ്റംസ് പരിശോധനകൾ കഴിഞ്ഞു പുറത്തിറങ്ങി വീട്ടിലേക്കു പോകാനുള്ള ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസിന്റെ നടപടി. 12 ഉടുപ്പുകളിൽനിന്ന് സ്വർണ ബട്ടണുകൾ കണ്ടെടുത്തു. ഇതിൽ എത്ര സ്വർണമുണ്ടെന്നു വിശദമായി പരിശോധിച്ചു വരികയാണ്.
ഇതിനിടെ, ശരീരത്തിൽ ഒളിപ്പിച്ച സ്വർണ മിശ്രിതവുമായി 3 യാത്രക്കാരും വിമാനത്താവളത്തിനകത്ത് വെച്ച് പിടിയിലായി. വിമാനത്താവളത്തിന് അകത്തും പുറത്തുമായി പിടിയിലായ 4 പേരിൽനിന്നായി ഏകദേശം 2 കോടിയിലേറെ രൂപയുടെ സ്വർണമാണ് കണ്ടെടുത്തിരിക്കുന്നത്.
അബുദാബിയിൽനിന്നെത്തിയ മലപ്പുറം മീനടത്തൂർ സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദീൻ (44), തളിപ്പറമ്പ് സ്വദേശിനി ആശ തോമസ് (33) എന്നിവരും, അബുദാബിയിൽനിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി യു ഹാരിസ് (42) എന്നയാളുമാണ് ഡിആർഐയും കസ്റ്റംസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. കാപ്‌സ്യൂൾ രൂപത്തിലുള്ള മിശ്രിതം ശരീരത്തിൽ ഒളിപ്പിച്ചാണ് മൂവരും സ്വർണം കടത്താൻ ശ്രമിച്ചത്.
ALSO READ-കഴുത്തൊപ്പം ചെളിയില്‍ ആരും കാണാതെ അഞ്ചര മണിക്കൂര്‍; വയോധികയ്ക്ക് അത്ഭുതരക്ഷ
ശിഹാബുദ്ധീനും ആശയും ചേർന്ന് കടത്തിയത് 2.3 കിലോഗ്രാം മിശ്രിതമായിരുന്നു. ഇതിൽ നിന്ന് 2.14 കിലോഗ്രാം സ്വർണം ലഭിച്ചു. ഇതിന് 1.33 കോടി രൂപ മൂല്യമുണ്ട്.
കല്ലാച്ചി സ്വദേശി ഹാരിസ് 906 ഗ്രാം സ്വർണമിശ്രിതവുമായാണ് പിടിയിലായത്. ഇതിൽ നിന്നും 52 ലക്ഷം രൂപയുടെ 842 ഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.
Discussion about this post