കഴുത്തൊപ്പം ചെളിയില്‍ ആരും കാണാതെ അഞ്ചര മണിക്കൂര്‍; വയോധികയ്ക്ക് അത്ഭുതരക്ഷ

കൊച്ചി: ചെളിയില്‍ വീണ് മണിക്കൂറുകള്‍ക്ക് ശേഷം വയോധികയ്ക്ക് അത്ഭുതരക്ഷ. മരട് സ്വദേശി 76 കാരിയായ കമലാക്ഷിയാണ് കഴുത്തോളം ചെളിയില്‍ അഞ്ചര മണിക്കൂറോളം മുങ്ങിക്കിടന്നത്. സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ തളര്‍ന്നു. ശബ്ദം നഷ്ടപ്പെട്ടു. ജീവിതം തീര്‍ന്നുവെന്ന് കരുതിയപ്പോഴാണ് വീടിന്റെ ടെറസില്‍ നിന്നും സീനത്ത് ചെളിയില്‍ നിന്നും ഒരു കൈ കാണുന്നത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

മരടിലെ വീട്ടുജോലിക്കാരിയായിരുന്നു കമലാക്ഷിയമ്മ. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കൊട്ടാരം ജംക്ഷന് സമീപം സെന്റ് ആന്റണീസ് റോഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തുകൂടി പോയപ്പോള്‍ പൈലിംഗ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ചെളി നിറഞ്ഞ സ്ഥലത്തേക്ക് വീഴുകയായിരുന്നു. സഹായത്തിനായി കമലാക്ഷി ഏറെ നേരം നിലവിളിച്ചെങ്കിലും സമീപത്ത് കുറച്ച് വീടുകള്‍ മാത്രമുള്ളതിനാല്‍ ആരും കേട്ടില്ല. ഒടുവില്‍, ഉച്ചകഴിഞ്ഞ് 3.45 ഓടെ സമീപത്ത് താമസിക്കുന്ന ഒരു സ്ത്രീ വീടിന്റെ ടെറസില്‍ നിന്ന് ചെളിയില്‍ ഒരു കൈ പൊങ്ങി നില്‍ക്കുന്നത് കണ്ടു. വസ്ത്രങ്ങള്‍ ഉണക്കാന്‍ ടെറസിലെത്തിയ സീനത്ത് ഉടന്‍ തന്നെ സമീപത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

കയര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ചെളിയുള്ളതിനാല്‍ പ്രയാസമുണ്ടാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. വൈകിട്ട് 4.10ഓടെ തൃപ്പൂണിത്തുറ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. 4.30ഓടെ ഏണിയും കയറും ഉപയോഗിച്ച് കമലാക്ഷിയെ ചെളിയില്‍ നിന്ന് പുറത്തെടുത്തു. ചെളി നിറഞ്ഞ സ്ഥലം ആണെന്ന് പെട്ടെന്ന് കണ്ടാല്‍ മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാകാം അപകടം സംഭവിച്ചതെന്ന് ഫയര്‍ ഫോഴ്സ് ടീമിലെ ഉദ്യോഗസ്ഥനായ വിനുരാജ് പറഞ്ഞു. രക്ഷപ്പെടുത്തിയ കമലാക്ഷിയെ മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മാനസിക വൈകല്യമുള്ള മകനടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കമലാക്ഷി.

Exit mobile version