തൃശ്ശൂര്‍: വയനാട്ടില്‍ നിന്ന് പിടിയിലായ നരഭോജി കടുവയ്ക്ക് നാളെ ശസ്ത്രക്രിയ. കടുവയുടെ മുഖത്തെ മുറിവ് ആഴമേറിയതെന്ന് പരിശോധനയില്‍ വ്യക്തമായി. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ടെന്നാണ് വിലയിരുത്തല്‍. വനത്തിനുള്ളില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാവാം മുറിവെന്നുമാണ് നിഗമനം.
നാളെ ഉച്ചയ്ക്ക് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് കടുവയുള്ളത്. ചികിത്സയ്ക്കുവേണ്ടി കടുവയെ മയക്കുന്നതിനുള്ള അനുമതി ചീഫ് വൈഡ് ലൈഫ് വാര്ഡന് നല്കി. പരുക്കിനെ തുടര്‍ന്ന് കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്നാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് അറിയിച്ചത്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഇന്നലെയാണ് വയനാട്ടില്‍ പിടിയിലായ കടുവയെ എത്തിച്ചത്. 13 വയസ് പ്രായമുള്ള കടുവയെ 40 മുതല്‍ 60 ദിവസം വരെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്വാറന്റൈനില്‍ നിര്‍ത്തും. നിലവില്‍ നിരീക്ഷണ കേന്ദ്രത്തിലുള്ള കടുവയ്ക്ക് ദിവസം ആറ് കിലോ ബീഫടക്കം ഭക്ഷണം നല്‍കും. നെയ്യാറില്‍ നിന്നെത്തിച്ച വൈഗ, ദുര്‍ഗ എന്നീ പേരുകളുള്ള മറ്റ് രണ്ട് കടുവകളും പുത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. ഒരേക്കറോളം പരന്നുകിടക്കുന്ന തുറസായ സ്ഥലമാണ് കടുവകള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
Discussion about this post