സുൽത്താൻബത്തേരി: ക്ഷീര കർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. ദിവസങ്ങളോളം വയനാടിനെ വിറപ്പിച്ച കടുവയെയാണ് ഒടുവിൽ പിടികൂടിയിരിക്കുന്നത്. നിരവധിയിടങ്ങളിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കാത്തിരുിപ്പ് തുടർന്ന് പത്താംനാളിലാണ് നരഭോജി കടുവ ഒടുവിൽ കൂട്ടിലായത്.
കൂടല്ലൂർ പൂതാടി മൂടക്കൊല്ലിയിൽ യുവാവിനെ കൊന്ന കടുവയെയാണ് വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയിരിക്കുന്നത്. യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിനു സമീപത്തായി കൂടല്ലൂർ കോളനിയിൽ ആദ്യം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. അതേസമയം, കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിലാണ് നാട്ടുകാർ.
കടുവയെ ജീവനോടെ കടുവയെ കൊണ്ടു പോകാൻ സമ്മതിക്കില്ലെന്ന നിലപാടിലാണവർ. കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ച് ഇവർ പ്രതിഷേധിച്ചു. മയക്കുവെടി വെയ്ക്കുക അല്ലെങ്കിൽ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാൽ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ്.
ALSO READ- പെരുമ്പാവൂരില്‍ മതില്‍പണിക്കിടെ ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു
ദിവസങ്ങളായി കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവ കൂട്ടിലായത്. നൂറു പേരടങ്ങുന്ന ഉദ്യോഗസ്ഥരാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്.