കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചെമ്മട്ടംവയല്‍ എക്സൈസ് ഓഫീസിന് സമീപത്തെ പരേതനായ മോഹന്‍ദാസ് – വിനോദിനി ദമ്പതികളുടെ മകന് രാഹുല്‍ദാസ് (24) ആണ് മരിച്ചത്. പതിനെട്ട് വര്‍ഷം മുന്‍പ് കുഴല്‍ക്കിണറില്‍ വീണ് മരിച്ച പ്രഫുല്‍ ദാസിന്റെ സഹോദരനാണ് രാഹുല്‍ ദാസ്.
ഇന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ജില്ലാ ആശുപത്രി പരിസരത്തെ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇതിന് തൊട്ടടുത്ത് മുന്‍പ് കുടുംബം താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന കുഴല്‍ക്കിണറില്‍ വീണാണ് 2006ല്‍ പ്രഫുല്‍ ദാസ് മരിച്ചത്.
കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ബൈക്കപകടത്തില്‍ മരിച്ച രാഹുല്‍ദാസ്. ഇന്നലെ രാത്രി നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
2006 ഏപ്രില്‍ 27നാണ് പ്രഫുലിന്റെ ജീവനെടുത്ത ദാരുണാപകടം നടന്നത്. കൈയ്യില്‍ നിന്നും പറന്നുപോയ ബലൂണിന് പുറകെ ഓടിയതായിരുന്നു പ്രഫുല്‍. ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുഴല്‍ കിണറില്‍ വീണത്. അന്ന് പ്രഫുലിനെ രക്ഷിക്കാന്‍ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പ്രഫുലിനെ ജീവനോട് പുറത്തെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രഫുലിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് വീട് വച്ച് നല്കി. അമ്മ വിനോദിനിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലിയും നല്‍കിയിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് അച്ഛന് മോഹന്‍ദാസ് മരിച്ചിരുന്നു. അമ്മ വിനോദിനിക്ക് ഇനി കൂട്ടിന് മൂത്ത മകന് വിശാല്‍ദാസ് മാത്രമാണുള്ളത്.
Discussion about this post