തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. സംസ്ഥാനത്ത് ഇന്നലെ (ഞായര്‍) 277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 260 കോവിഡ് കേസുകളില്‍ 227 എണ്ണവും കേരളത്തിലാണ്. സംസ്ഥാനത്ത് നിലവില്‍ 1634 ആക്ടീവ് കോവിഡ് കേസുകളാണ് ഉള്ളത്.
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശം. എല്ലാ ആശുപത്രികളിലും കോവിഡ് പരിശോധന തുടങ്ങാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി
തമിഴ്‌നാട്ടില്‍ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകത്തില്‍ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതില്‍ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയില്‍ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎന്‍. വണ്‍. സെപ്റ്റംബറില്‍ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ചൈനയിലും 7 കേസുകള്‍ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
ചില രാജ്യങ്ങളില്‍ രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലെത്തുന്നതിന് കാരണം ഈ വൈറസിന്റെ സാന്നിധ്യമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്ന് സിംഗപ്പൂരിലടക്കം അധികൃതര്‍ യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയെകുറിച്ചും പലയിടത്തും ചര്‍ച്ചയാകുന്നുണ്ട്.
നിലവില്‍ ഇന്ത്യയില്‍ കണ്ടെത്തിയ എക്‌സ്ബിബി അടക്കമുള്ള വകഭേദങ്ങളേക്കാള്‍ ജെഎന്‍ 1 വകഭേദം വളരെ വേഗത്തില്‍ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് ബാധിച്ച് രോഗം ഭേദപ്പെട്ടവരെയും, വാക്‌സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎന്‍ 1ന്റെ രോഗ ലക്ഷണങ്ങള്‍ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്. പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങള്‍ കാണുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാവുക.
ഒമിക്രോണ്‍ വകഭേദം പടരുമ്പോള്‍ തന്നെ കൂടുതല്‍ വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടകം പല രാജ്യങ്ങളും ജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇന്ത്യയും അത്തരം നടപടികളിലേക്ക് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവര്‍ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുന്‍കരുതലുകള്‍ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്.