കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തി കൂട്ടം തെറ്റിയ കുഞ്ഞിനും മുത്തച്ഛനും സഹായവുമായി ഭിന്നശേഷിക്കാരനായ യുവാവ്. കോഴിക്കോട് നിന്ന് ദര്‍ശനത്തിന് പോയ തീര്‍ഥാടക സംഘത്തിലെ അഭയയും മുത്തച്ഛന് വേലായുധനുമാണ് കൂട്ടംതെറ്റി ഒറ്റപ്പെട്ടുപോയത്. മാറാടി താഴത്തുപറമ്പില്‍ ബഷീര്‍ എന്നയാളാണ് ഇവര്‍ക്ക് തുണയായത്.
അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വേലായുധനും അഭയയും വഴി തെറ്റി കൂത്താട്ടുകുളത്തിന് അടുത്തുള്ള ഈസ്റ്റ് മാറാടിയില്‍ എത്തിയത്. കോഴിക്കോട് നിന്ന് ഗുരുസ്വാമി മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പമാണ് സുരേഷും മക്കളായ അഭയയും ആദിദേവും മുത്തച്ഛന് വേലായുധനും ശബരിമലയില്‍ എത്തിയത്. ദര്‍ശനം കഴിഞ്ഞ് മലയിറങ്ങി പമ്പയില്‍ എത്തിയപ്പോള്‍ വേലായുധനും അഭയയും കൂട്ടം തെറ്റുകയായിരുന്നു.
സംഘാംഗങ്ങളെ തേടി മണിക്കൂറുകളോളം അലഞ്ഞ ശേഷം നിലയ്ക്കലേക്ക് പോകാന്‍ ഇവര്‍ ബസില്‍ കയറി. കോട്ടയം വഴിയുള്ള ബസിലാണ് ഇരുവരും കയറിയത്. ബസില്‍ കയറിയ ഉടന്‍ തന്നെ ക്ഷീണം കാരണം ഇരുവരും ഉറങ്ങിപ്പോയി. കൂത്താട്ടുകുളത്ത് എത്തിയപ്പോഴാണ് ഉണര്‍ന്നത്. കയ്യില്‍ പണമോ ഫോണോ ഇല്ലാതിരുന്നതിനാല്‍ അവിടെയിറങ്ങി. അവിടെ നിന്ന് കോഴിക്കോട്ടേയ്ക്ക് നടന്നുപോകാന്‍ വേലായുധന് തീരുമാനിച്ചു.
ഈസ്റ്റ് മാറാടി വരെ എത്തിയപ്പോഴേക്കും അഭയ നന്നേ ക്ഷീണിച്ചു. അപ്പോഴാണ് ഇരുവരും ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇവര്‍ കാര്യം പറഞ്ഞു. തിരിച്ചുപോകാന്‍ പണമില്ലെന്നും നല്ല വിശപ്പുണ്ടെന്നും അറിയിച്ചതോടെ ബഷീര്‍ സമീപത്തെ ചായക്കടയില്‍ നിന്ന് ചായയും പലഹാരങ്ങളും വാങ്ങി നല്കി. തുടര്‍ന്ന് മാറാടി പഞ്ചായത്ത് അംഗം ജിഷ ജിജോയെ വിവരം അറിയിച്ചു.
ജിഷയും മറ്റൊരു പഞ്ചായത്ത് അംഗവമായ രതീഷ് ചങ്ങാലിമറ്റവും സ്ഥലത്തെത്തി ഇരുവരെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കുട്ടിയുടെ അച്ഛനെ വിളിച്ച് വിവരം അറിയിച്ചു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന സുരേഷ് ഉടന്‍ സംഘാംഗങ്ങളെയും കൂട്ടി പമ്പയില്‍ നിന്ന് മൂവാറ്റുപുഴയ്ക്ക് തിരിച്ചുപോയി ഇരുവരെയും കൂട്ടി.
Discussion about this post