കൊച്ചി: ആരോരും ഏറ്റെടുക്കാനില്ലാതെ അനാഥമായി മോർച്ചറിയിൽ പതിനാല് ദിവസത്തോളം കഴിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ഒടുവിൽ പോലീസ് ഏറ്റുവാങ്ങി സംസ്‌കരിച്ചു. കൊച്ചിയിൽ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.
ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകത്. കുഞ്ഞിന്റെ ഘാതകയായ അമ്മ ജയിലിൽ റിമാൻഡിൽ കഴിയുകാണ്. കുട്ടിയുടെ അച്ഛനും മൃതദേഹം ഏറ്റെടുക്കില്ലെന്ന് എഴുതി നൽകുകയും ചെയ്തു. ഇതോടെയാണ് പോലീസ് ഇടപെടലിൽ നഗരസഭാ അധികൃതരും ചേർന്നാണ് പുല്ലേപ്പടി പൊതുശ്മശാനത്തിൽ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചത്.
ഇക്കഴിഞ്ഞ ഡിസംബർ ഒന്നിനാണ് കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശിയായ അശ്വതിയും സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശിയായ വിപി ഷാനിഫും കുഞ്ഞുമൊത്ത് കൊച്ചി എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. പിറ്റേന്ന് ഷാനിഫ് അബോധാവസ്ഥയിലായ കുഞ്ഞുമായി ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് കണ്ട പരുക്കുകളിൽ സംശയം തോന്നിയ ഡോക്ടർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തല കാൽമുട്ടിൽ ഇടിപ്പിച്ച് ഷാനിഫ് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായി. മരണം ഉറപ്പാക്കാൻ കുട്ടിയുടെ ശരീരത്തിൽ കടിക്കുകയും ചെയ്തിരുന്നു.
അശ്വതിയ്ക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഷാനിഫും അശ്വതിയും ചേർന്ന് കൊലപ്പെടുത്തിയത്. ഒരുമിച്ചുള്ള ജീവിതത്തിന് ഈ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് ക്രൂരകൃത്യം നടത്തിയത്.
കുഞ്ഞിന്റെ തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിന് കാരണമായതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നുവെന്നും അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്നും ഷാനിഫ് മൊഴി നൽകിയിട്ടുണ്ട്. അശ്വതിക്കും കൃത്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കുഞ്ഞിനെ കൊന്ന വിവരം മറച്ചുവെച്ചുവെന്നും പോലീസ് അറിയിച്ചു.