തിരുവനന്തപുരം: തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് പറഞ്ഞ താഴ്മണ്‍ കുടുംബത്തിനെ വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
തെറ്റ് കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. വിശദീകരണം നല്‍കുകയായിരുന്നു ഇപ്പോള്‍ ചെയ്യേണ്ടത് . ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത് അനുചിതമായെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
ശബരിമലക്ഷേത്രം അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം വാര്‍ത്താകുറിപ്പ് ഇറക്കിയിരുന്നു. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ലെന്നും, തന്ത്രിയെ മാറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്നും താഴ്മണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.
ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നുമാണ് ലഭിച്ചത്. തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്‌വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവര്‍ത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്. ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയില്ലെന്നുമാണ് താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലുള്ളത്.