കൊച്ചി: മകള്‍ ഡോ. ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ കെഎം അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ സ്വതന്ത്രയാണെന്നും അനധികൃതമായി തടങ്കലില്‍ അല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹാദിയ പുനര്‍ വിവാഹിതയാണെന്നും തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഹാദിയ നിയമ വിരുദ്ധ തടങ്കലില്‍ അല്ലെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്നാണ് കെഎം അശോകന്റെ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കിയത്.
മലപ്പുറത്ത് ആരോഗ്യ ക്ലിനിക് നടത്തുകയായിരുന്ന മകളെ ഒരുമാസമായി കാണാനില്ലെന്നായിരുന്നു കെഎം അശോകന്‍ നല്‍കിയ ഹര്‍ജി. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സംസ്ഥാന പോലീസിനോട് വിശദീകരണം തേടിയിരുന്നു. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
അതിനിടെ തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി ഹാദിയ രംഗത്തെത്തിയിരുന്നു. താന്‍ പുനര്‍വിവാഹിതയാണെന്നും തിരുവനന്തപുരത്ത് ഭര്‍ത്താവിനൊപ്പം കഴിയുകയാണെന്നുമാണ് ഹാദിയ അറിയിച്ചത്. തന്റെ പിതാവിനെ സംഘപരിവാര്‍ ആയുധം ആക്കുകയാണെന്നും ഹാദിയ ആരോപിച്ചിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിച്ച ഹാദിയ മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്യുകയായിരുന്നു.
ഇതില്‍ ലവ് ജിഹാദ് ആരോപണം ഉയര്‍ന്നതോടെ സുപ്രീംകോടതി ഇടപെട്ട കേസില്‍ ഇരുവരുടെയും വിവാഹം ശരിവെച്ചു. എന്നാല്‍ താന്‍ ഷെഫിനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്നും പുനര്‍വിവാഹം ചെയ്തെന്നും ഹാദിയ വ്യക്തമാക്കിയിരുന്നു.
Discussion about this post