കട്ടപ്പന: വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആറു വയസുകാരിയുടെ കുടുംബം. കുട്ടി മരിച്ച അന്നു തന്നെ പോലീസ് വീട്ടില്‍ എത്തിയിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തെളിവെടുപ്പിനിടെ പ്രതി അര്‍ജുന്‍ എല്ലാ കുറ്റവും സമ്മതിച്ചിരുന്നെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
കോടതി പ്രതിഭാഗത്തിന് ഒപ്പമാണെന്നും തെളിവുകള്‍ കാണാതെ പോയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം പ്രതി അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനനമാണ് ഉന്നയിച്ചത്.
ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ ഒരു വകുപ്പുകളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതാണ് പ്രതി കുറ്റക്കാരനല്ലെന്ന് വിധി പറയാന്‍ കാരണമായത്. രക്തസാമ്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നില്ലെന്നും വിരലടയാളത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചില്ലെന്നും ശരീര സ്രവങ്ങള്‍ പരിശോധിച്ചില്ലെന്നും ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ കോടതി അക്കമിട്ട് നിരത്തിയിട്ടുണ്ട്.
കുറ്റകൃത്യത്തിന് തൊട്ടുപിന്നാലെ പ്രധാനപ്പെട്ട ചില പ്രാഥമിക തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കേസില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പോലീസ് ഒരുങ്ങുകയാണ്.