കൊല്ലം: വയോധികയായ അമ്മായിഅമ്മയെ ക്രൂരമായി മർദ്ദിക്കുന്ന സ്ത്രീയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ നടപടി എടുത്ത് പോലീസ്. കൊല്ലം തെക്കുംഭാഗം തേവലക്കരയിൽ ഏലിയാമ്മ വർഗീസിനെ(80)യാണ് മകന്റെ ഭാര്യയായ മഞ്ജുമോൾ തോമസ്(42) ക്രൂരമായി മർദ്ദിച്ചത്.
കുടുംബവഴക്കിനെ തുടർന്നാണ് മർദ്ദനമെന്നാണ് റിപ്പോർട്ട്. ഏലിയാമ്മയുടെ പരാതിയിൽ മഞ്ജുമോൾ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരേ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം മരുമകളിൽനിന്ന് ക്രൂരമായ മർദനമേറ്റെന്നാണ് ഏലിയാമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മാസങ്ങളായി മരുമകൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. പ്രതി മഞ്ജുമോൾ തോമസ് 80-കാരിയെ മർദിക്കുന്ന ചില ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെയും ഏലിയാമ്മയുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ അധ്യാപികയാണെന്നാണ് വിവരം.
ALSO READ- സ്കൂട്ടര് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; മുക്കത്ത് യുവാവിന് ദാരുണമരണം
മാസങ്ങൾക്ക് മുൻപ് മഞ്ജുമോളിൽനിന്ന് ഏലിയാമ്മയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നാണ് വിവരം. ഇവർ ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വയോധികയോട് ആക്രോശിക്കുന്ന പ്രതി, വീഡിയോ പകർത്തുന്നയാൾക്ക് നേരേ നഗ്നതാപ്രദർശനവും നടത്തുന്നുണ്ട്.
മരുമകൾ നിലത്തേക്ക് തള്ളിയിട്ടതിന് ശേഷം ഏലിയാമ്മ പണിപ്പെട്ട് എഴുന്നേറ്റ് വരുന്നതും ഞാനൊന്നും പറഞ്ഞില്ലല്ലോ ഇനി അല്പനേരം കിടന്നോട്ടെയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ ഏലിയാമ്മയുടെ മകൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post