തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഡിസംബര്‍ 31 രാത്രിയില്‍ അടച്ചിടാന്‍ തീരുമാനം. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേണ്ടിയാണ് സംസ്ഥാനത്തെ പമ്പുകള്‍ അടച്ചിടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം ഒരു പതിവായി മാറിയിരിക്കുകയാണ്. ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് പെട്രോള്‍ പമ്പ് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
പുതുവത്സര തലേന്ന് രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പെട്രോള്‍ പമ്പുകളുടെയും ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
also read- മധ്യപ്രദേശില്‍ ഇറച്ചിയും മുട്ടയും തുറസായ സ്ഥലത്ത് വില്‍ക്കുന്നത് നിരോധിച്ചു
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് പോലെയുള്ള സംരക്ഷണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സംഘടന പ്രതിനിധി ടോമി തോമസ് ആവശ്യപ്പെട്ടു. ഈ വര്‍ഷം മാത്രം പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെ 100ലധികം അക്രമസംഭവങ്ങളാണ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.