തലവേദനക്ക് കുത്തിവെപ്പെടുത്ത കുട്ടിയുടെ കാല് തളര്‍ന്നതായി പരാതി: തൃശ്ശൂരില്‍ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്

ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്.

തൃശ്ശൂര്‍: തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളര്‍ന്നെന്ന് പരാതി. സംഭവത്തില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും നഴ്‌സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പോലീസ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകന്‍ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളര്‍ച്ച ബാധിച്ചത്. പാലയൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടര്‍ന്നാണ് ഉമ്മ ഹിബയുമൊത്ത് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്.

അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ട് കുത്തിവെപ്പുകള്‍ എടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഗസാലിയുടെ ഇടതു കൈയില്‍ ആദ്യം കുത്തിവെപ്പ് നല്‍കി. കൈയില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി പറഞ്ഞപ്പോള്‍ പുരുഷ നഴ്‌സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്നും ഉമ്മ പിന്നാലെ പോയി പറഞ്ഞിട്ടാണ് നഴ്‌സ് തിരികെ വന്നതെന്നും പരാതിയില്‍ പറയുന്നു.

ALSO READ ആറ് വയസ്സുകാരിയുടെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയെ വെറുതെവിട്ടു

പിന്നീട് അരക്കെട്ടില്‍ ഇടതുഭാഗത്തായി കുത്തിവെപ്പ് നല്‍കി.
ഇതോടെ ഇടതുകാലില്‍ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാന്‍ ശ്രമിച്ചപ്പോള്‍ വീഴാന്‍ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്തു. ഇതോടെ കുട്ടിയുടെ മാതാവ് ഹിബ ഡോക്ടറെ കണ്ട് വിവരം പറഞ്ഞു.

കൈയില്‍ തടിപ്പുള്ള ഭാഗത്ത് പുരട്ടാന്‍ ഓയിന്‍മെന്റ് നല്‍കിയ ഡോക്ടര്‍ കാലിലേത് മാറിക്കോളുമെന്നും പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാല്‍ വീട്ടിലെത്തിയിട്ടും മാറ്റമില്ലാതായതോടെ കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചു. മരുന്ന് മാറിയതിനാലോ ഇന്‍ജക്ഷന്‍ ഞരമ്പില്‍ കൊണ്ടതിനാലോ ആവാം കാലിലെ തളര്‍ച്ചയെന്ന് അവിടെയുള്ള ഡോക്ടര്‍ പറഞ്ഞു.

ഇതോടെ രക്ഷിതാക്കള്‍ ചാവക്കാട് പോലീസിനു പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കല്‍ ഓഫിസര്‍, എം.എല്‍.എ, ആരോഗ്യമന്ത്രി, ബാലാവകാശ കമീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കുകയായിരുന്നു.

Exit mobile version