തൃശൂര്‍: ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട് അപകീര്ത്തിപ്പെടുത്തിയയാള് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. തൃശൂര്‍ അഡീഷനല്‍ സബ് കോടതിയുടേതാണ് നിര്‍ണായക വിധി. തൃശൂരിലെ സൈക്കോളജിസ്റ്റായ എംകെ പ്രസാദിന്റെ പരാതിയിലാണ് നടപടി.
പ്രസാദിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. കോട്ടയം സ്വദേശിയായ ഷെറിന് വി ജോര്‍ജായിരുന്നു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 2017 ഏപ്രില്‍ 26നായിരുന്നു അപകീര്‍ത്തികരമായ പോസ്റ്റിട്ടത്. പ്രസാദിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നായിരുന്നു പോസ്റ്റിട്ടത്. ഇത് സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് കാട്ടി പ്രസാദ് തൃശൂര്‍ അഡീഷനല്‍ സബ് കോടതിയെ സമീപിച്ചു.
സൈക്കോളജിസ്റ്റ് എന്ന നിലയ്ക്ക് തൊഴില്‍നഷ്ടം ഉണ്ടാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി. പ്രസാദിന്റെ പക്ഷത്താണ് ന്യായമെന്ന് വിലയിരുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും കോടതിയ്ക്കു ബോധ്യപ്പെട്ടു. പത്തു ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്കാന് വിധിച്ചത്. ഇതുകൂടാതെ, അഞ്ചു വര്‍ഷത്തെ കോടതി ചെലവ് പലിശ സഹിതം നല്‍കാനും അഡീഷനല്‍ സബ് കോടതി ജഡ്ജ് രാജീവന് വചല്‍ ഉത്തരവിട്ടു. ഫേസ്ബുക്കില്‍ വസ്തുതാവിരുദ്ധമായി ഉത്തരവാദിത്വമില്ലാതെ പോസ്റ്റിടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ കോടതി വിധി.
Discussion about this post