കൊച്ചി: വയനാട് സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ വെടിവെച്ച് കൊലപ്പെടുത്താനുള്ള ഉത്തരവിന് എതിരെ കോടതിയിൽ പോയി പണി വാങ്ങി ഒരു കൂട്ടം മൃഗസ്‌നേഹികൾ. കൂടല്ലൂരിലെ ക്ഷീരകർഷകൻ പ്രജീഷിനെ കൊലപ്പെടുത്തിയ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെയാണ് പൊതുതാൽപര്യ ഹർജി നൽകിയിരുന്നത്.
ഇത് തള്ളിയ കോടതി ഹർജി നൽകിയ സംഘടനയ്ക്ക് 25,000 രൂപ പിഴ ചുമത്തിയാണ് തീർപ്പ് കൽപ്പിച്ചത്. അനിമൽ ആൻഡ് നേച്ചർ എത്തിക്‌സ് കമ്യൂണിറ്റിയാണ് ഹർജി നൽകിയത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ ഹർജി.
എന്നാൽ, ചീഫ് ജസ്റ്റിസ് ആശിഷ് കെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു. നരഭോജിക്കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.
Discussion about this post