കോട്ടയം: വീട്ടുജോലിക്കാരിയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി , ഭാര്യ നേഹാ രവി, ആലപ്പുഴ അരൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒക്ടോബര്‍ പതിനാറിന് അയ്മനം സ്വദേശിനിയുടെ വീട്ടില്‍ നിന്നും സ്വര്‍ണ മാല മോഷ്ടിക്കുകയായിരുന്നു.
ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാണ് ഇവര്‍ മോഷ്ടിച്ചത്. ജോലി ചെയ്ത വകയില്‍ സ്ത്രീക്ക് ശമ്പള കുടിശ്ശികയുണ്ടായിരുന്നു. നിലവില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ വീട്ടിലിരിക്കുന്ന ടിവി എടുത്തിട്ട് ശമ്പള കുടിശ്ശിക കുറച്ച് ബാക്കി തനിക്ക് 8000 രൂപ തന്നാല്‍ മതി എന്ന് ആഷിക് ആന്റണി പറഞ്ഞു. വീട്ടുജോലിക്കാരി ഇക്കാര്യം അംഗീകരിച്ചു.
അടുത്ത ദിവസം ടി.വി. ഫിറ്റ്‌ചെയ്യാനെന്ന വ്യാജേന ആഷിക്കും ഭാര്യയും സുഹൃത്തായ അര്‍ജുനും വീട്ടമ്മയുടെ കോട്ടയത്തെ വീട്ടിലെത്തി. ടി.വി. ഫിറ്റ് ചെയ്യുന്നതിനിടെ വീട്ടമ്മയുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ച് കടന്നു കഴയുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ഒളിവില്‍ കഴിഞ്ഞുവന്ന ആഷിക് ആന്റണിയെയും ഭാര്യയെയും പഴനിയില്‍ നിന്നാണ് പിടികൂടിയത്. അര്‍ജുനെ എറണാകുളത്തുനിന്നു പിടികൂടി.