കോഴിക്കോട്: മിശ്ര വിവാഹങ്ങൾ സംബന്ധിച്ച നാസർ കൂടത്തായിയുടെ പ്രതികരണത്തിന് പരോക്ഷ പിന്തുണയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മതവിശ്വാസികളെ സംബന്ധിച്ച് മിശ്രവിവാഹങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഎം ഓഫീസുകൾ കേന്ദ്രീകരിച്ച് മുസ്ലിം പെൺകുട്ടികളുടെ മിശ്ര വിവാഹങ്ങൾ നടന്നതിന് ധാരളം തെളിവുകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടി ഓഫീസുകളിൽ കൊണ്ടുപോയി രക്തഹാരം അണിയിച്ചശേഷം ക്ഷേത്രങ്ങളിൽ കൊണ്ടുപോയി മാലയിട്ട സംഭവങ്ങളുണ്ടെന്നും പിഎംഎ സലാം പറയുന്നു. മുസ്ലിം സമുദായത്തിൽ നിന്ന് അങ്ങോട്ടോ മറ്റു സമുദായങ്ങളിൽ നിന്ന് ഇങ്ങോട്ടോ ഉള്ള വിവാഹങ്ങൾ മതവിശ്വാസികൾ എന്ന നിലയിൽ ലീഗിനെ സംബന്ധിച്ച് അംഗീകരിക്കാവുന്നതല്ല എന്നും സലാം വ്യക്തമാക്കി.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കാൻ ലീഗ് തീരുമാനിച്ചിട്ടില്ലെന്നും വിവിധ അഭിപ്രായങ്ങൾ ഇന്ന് ചേർന്ന യോഗത്തിൽ ഉയർന്നിട്ടുണ്ടെന്നും സലാം വിശദീകരിച്ചു.
ഇന്നത്തെ ചർച്ചയിലുണ്ടായ സാരാംശം നേതൃത്വം അവലോകനം ചെയ്ത ശേഷം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും സലാം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്നും പി എം എ സലാം പറഞ്ഞു.
ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ പിഞ്ചുബാലിക മരിക്കാൻ ഇടയാക്കിയതിന് പിഎംഎ സലാം അപലപിച്ചു. തീർത്ഥാടന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണിക്ക് ജനം എത്തുമെന്നും വലിയ തിരക്ക് അനുഭവപ്പെടുമെന്നും ബോധ്യമുള്ള സർക്കാർ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇനിയെങ്കിലും ആവശ്യമായ സൗകര്യങ്ങൾ തീർത്ഥാടകർക്കൊരുക്കണമെന്നും പിഎംഎ സലാം പറഞ്ഞു.