തിരുവനന്തപുരം: ആര്‍എസ്എസിന്റെ സൈബര്‍ ആക്രമണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗായത്രി വര്‍ഷ. തന്റെ ഫാസിസ്റ്റ് വിരുദ്ധ പ്രസംഗത്തിനെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി പ്രതികരിച്ച ആര്‍എസ്എസുകാര്‍ കിണറ്റിലെ തവളകളാണെന്ന് ഗായത്രി പറഞ്ഞു. ഭയപ്പെടുത്തി തന്നെ മിണ്ടാതാക്കാമെന്നാകും അവരുടെ ധാരണയെന്നും, എങ്കില്‍ അവര്‍ക്ക് ആളുമാറിപ്പോയെന്നും ഗായത്രി വര്‍ഷ പറഞ്ഞു.
എന്റെ രാഷ്ട്രീയ വിശ്വാസം എനിക്ക് പ്രധാനമാണ്. അത് വായിച്ചും പാര്‍ടി ക്ലാസിലും അനുഭവത്തില്‍ നിന്ന് പഠിച്ചും പ്രവര്‍ത്തിച്ചും ആര്‍ജിച്ചതാണ്. അത് അടിയറവച്ചൊരു ജീവിതമില്ല. അഭിനയം എനിക്ക് ജീവിതം മാത്രമാണ്, അത് ജീവിക്കാനുള്ള തൊഴിലായേ കാണുന്നുള്ളൂ. എന്നാല്‍, രാഷ്ട്രീയം എനിക്ക് ജീവനാണ്. ജീവനില്ലാതെ എന്ത് ജീവിതം. എതിരഭിപ്രായങ്ങളോട് എങ്ങനെ പ്രതികരണമുണ്ടാകുമെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവൊക്കെ ഇത്രയും കാലത്തെ കലാ- -സാംസ്‌കാരിക–രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ ഞാന്‍ നേടിയിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ സാംസ്‌കാരിക നയം നടപ്പാക്കുന്നത് രഹസ്യമായാണ്. കോവിഡ് കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പഠിക്കാനെന്ന തരത്തില്‍, എന്നെ തിരിച്ചറിയാതെ ഓണ്‍ലൈനില്‍ അതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ക്ക് വിളിച്ചു. അഭിപ്രായങ്ങള്‍ കേട്ടപ്പോള്‍ അവര്‍ക്ക് ആളുമാറിപ്പോയെന്ന് അന്ന് തോന്നിയിരിക്കണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്ത കിണറ്റിലെ തവളകളാണ്. അവരുടെ നേതൃബിംബങ്ങളെ സംരക്ഷിക്കലാണ് അവരുടെ പണി. അതിനവര്‍ എന്ത് അശ്ലീലവും ആഭാസവും പ്രയോഗിക്കും. സമൂഹമാധ്യമങ്ങളിലൂടെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നെ.
എല്ലാ വീഡിയോകള്‍ക്കും കുറിപ്പുകള്‍ക്കും അടിയില്‍ തെറിയാണ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വച്ചുള്ള സംസ്‌കാരമില്ലാത്ത സംഘടിതാക്രമണം. ഇതിലൂടെ ഭയപ്പെടുത്തി മിണ്ടാതാക്കാമെന്നാകും ധാരണ. എങ്കില്‍ അവര്‍ക്ക് ആളുമാറിപ്പോയി. ഞാന്‍ പഠിച്ച സ്‌കൂള് വേറെയാ. അത് പാര്‍ടി സ്‌കൂളാ. എട്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തകയായി തുടങ്ങിയതാ. ഇന്നും അത് തുടരുന്നു. അതിന് നാളെയും മാറ്റമുണ്ടാകില്ല.
ഇന്നലെ മുളച്ച തകരയല്ല.