കോതമംഗലം: പെരുമ്പാവൂർ ഓടക്കാലിയിൽ നവകേരളാ ബസിന് നേരെ കെഎസ്യു പ്രവർത്തകരുടെ ഷൂ ഏറ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ നാലുതവണ ഷൂ വലിച്ചെറിഞ്ഞതായി പോലീസ് പറഞ്ഞു. തുടർന്ന് സംഭവത്തിൽ നാല് കെഎസയു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിൽ രൂക്ഷമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി വരുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി കോതമംഗലത്ത് നവകേരളസദസ്സിൽ പറഞ്ഞു.
ഇത് നാടിനോടുള്ള ഒരു വെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ‘ഞങ്ങളുടെ ബസിന് നേരെ ഏറുണ്ടായി. എന്താണ് ഇവർക്ക് പറ്റിയത് ഈ സംഭവത്തെ മൊത്തത്തിൽ മറ്റൊരു രീതിയിൽ മാറ്റിത്തീർക്കാനുള്ള ഗൂഢോദ്ദേശ്യമാണോ ഈ ആളുകളൊക്കെ കൂടി ശക്തിയായി ഊതിയാൽ കരിങ്കൊടിയായി വരുന്നവരും എറിയാൻ വരുന്നവരും പാറിപ്പോകുമെന്നതാണ് അവസ്ഥ.’
‘പക്ഷേ നാട്ടുകാർ നന്നായി സംയമനം പാലിച്ചാണ് നിൽക്കുന്നത്. അതുതന്നെയാണ് വേണ്ടത്. കാരണം അവരുടെ പ്രകോപനത്തിൽ കുടുങ്ങരുത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടി തുടരുമല്ലോ. നിങ്ങൾ നാട്ടുകാർ ഏറ്റെടുക്കണമെന്നല്ല ഞാൻ പറയുന്നത്. നാട്ടുകാർ ഏറ്റെടുക്കണ്ട.’
‘പക്ഷേ, സാധരണ ഗതിയിലുള്ള അതിന്റെതായ നടപടി വരുമ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ല. ഇത് നാടിനോടുള്ള ഒരുവെല്ലുവിളിയാണെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. ഈപരിപാടി ആർക്കെങ്കിലും എതിരെ സംഘടിപ്പിച്ചതല്ല’ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷൂ എറിഞ്ഞതിന് പിന്നാലെ പോലീസ് ലാത്തിവീശി. കെഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊടി ഡിവൈഎഫ്ഐക്കാർ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
Discussion about this post