ബംഗളൂരു: കര്‍ണാടകയില്‍ കുടകിലെ റിസോര്‍ട്ടില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്.
വിനോദും ജിബിയും തൂങ്ങി മരിച്ച നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് സംശയം.
അതേസമയം, മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.