കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി രാഷ്ട്രീയ കേരളം. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരം നടക്കുക. മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാനത്തെ വീട്ടിലെത്തിച്ചേര്‍ന്നത്.
ജന്‍മനാട്ടിലേക്കുള്ള വിലാപയാത്രയിലുടനീളം ആയിരങ്ങളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി റോഡരികില്‍ കാത്തുനിന്നത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ യാത്ര മണിക്കൂറുകളോളം വൈകി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കാനത്തെ വീട്ടിലെത്തും.
വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.