കല്‍പ്പറ്റ: കടുവയെ കണ്ടെത്തിയ താമരശേരി ചുരത്തിന്റെ എട്ട്, ഒന്‍പത് വളവുകള്‍ക്കിടയില്‍ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടുഭാഗത്തായാണ് വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന് പുറമെ കടുവയെ കണ്ടെത്താന്‍ വനംവകുപ്പിന്റെ പട്രോളിങ് സംഘം രാത്രിയില്‍ നിരീക്ഷണം നടത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെയും കടുവയെ കണ്ടെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും ഇക്കാര്യം വനംവകുപ്പ് നിഷേധിച്ചു. വനംവകുപ്പ് സംഘം പട്രോളിങിന്റെ ഭാഗമായി ഒന്‍പതാം വളവില്‍ നിലയുറപ്പിച്ചതിനാല്‍ ചില യാത്രക്കാര്‍ കടുവ വീണ്ടുമിറങ്ങിയിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് പറയുന്നത്.
അതേസമയം, ചുരത്തിലൂടെയുള്ള രാത്രി യാത്ര ജാഗ്രതയോടെ ആയിരിക്കണമെന്ന് വനംവകുപ്പും പോലീസും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. രാത്രിയില്‍ പ്രത്യേകിച്ച് ഏറെ വൈകി ചുരം പാതയിലൂടെ പോകുന്നവര്‍ ഈ ഭാഗങ്ങളില്‍ വാഹനത്തില്‍ നിന്നിറങ്ങി നില്‍ക്കരുതെന്നാണ് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് ചുരംറോഡില്‍ കടുവയെ കണ്ടെന്ന് ലോറി ഡ്രൈവര്‍ പറഞ്ഞത്. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹൈവേ പോലീസ് സംഘവും കടുവ കണ്ടിരുന്നു.
Discussion about this post