കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു അതികായനെ കൂടി നഷ്ടമായിരിക്കുകയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തീരാനഷ്ടമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനത്തിന്റെ അന്ത്യം. പ്രമേഹരോഗത്തിന് ചികിത്സയിലിരിക്കേ ഹൃദയാഘാതംമൂലമായിരുന്നു മരണം. ഇടതുകാലിന് നേരത്തേ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം കാലിലെ പരിക്ക് ഗുരുതരമാക്കിയതോടെ പാദം മുറിച്ചുമാറ്റി. പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് മൂന്നുമാസത്തെ അവധിയിലായിരുന്നു.
ജനനേതാവിന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് നാട്. വിയോഗ വാര്‍ത്ത അറിഞ്ഞതു മുതല്‍ കൊച്ച് കളപ്പുരയിടത്തില്‍ വീട്ടിലേക്ക് നിരവധി പേരാണ് ഒഴുകിയെത്തുന്നത്. എല്ലാവര്‍ക്കും പങ്കുവയ്ക്കാനുള്ളത് സ്‌നേഹമുള്ള ഓര്‍മകള്‍ മാത്രം. തങ്ങള്‍ക്ക് വലിയൊരു നഷ്ടമാണ് കാനത്തിന്റെ വിയോഗമെന്ന് നാട്ടുകാര്‍ പറയുന്നു. ഒമ്പതു വര്‍ഷക്കാലത്തെ എംഎല്‍എ സ്ഥാനം മാത്രമല്ല വിദ്യാര്‍ഥി യുവജന ട്രേഡ് യൂണിയന്‍ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ വിലമതിക്കുന്നതാണ്.
നാട്ടില്‍ റോഡ് വന്നതും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചതും ഇന്ത്യ പ്രസിന്റെ പ്രവര്‍ത്തനം തുടങ്ങിയതും എല്ലാം കാനത്തിന്റെ ഇടപെടലിലൂടെയായിരുന്നു. സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നാട്ടില്‍ ഇല്ലെങ്കിലും കാനത്തിന്റെ വീടിന്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു. ആളുകള്‍ക്ക് ഏതു സമയത്തും കടന്നുവരുന്നതിനു വേണ്ടിയായിരുന്നു ആ കരുതല്‍ എന്ന് നാട്ടുകാര്‍ പറയുന്നു.