കൊച്ചി: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്ക്കും. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകും. എയര്‍ ആംബുലന്‍സിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും.
മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ് എന്നിവര്‍ മൃതദേഹത്തെ അനുഗമിക്കും. പാര്‍ട്ടി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.
വെളളിയാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രന്റെ അന്ത്യം. കൊച്ചിയിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം. 2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.
വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. 21-ാം വയസിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ എത്തുന്നത്. സി കെ ചന്ദ്രപ്പന്റെ ഒഴിവിലാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാകുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.