അവസാനമായി റുവൈസിന് ഷഹ്നയുടെ വാട്‌സ്ആപ്പ് സന്ദേശം! പിന്നാലെ റുവൈസ് ബ്ലോക്ക് ചെയ്തു; അന്ന് രാത്രി ആത്മഹത്യ, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി.

തിരുവനന്തപുരം: ഡോ. ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആത്മഹത്യ ചെയ്യുകയാണെന്ന് മരണ ദിവസം ഷഹ്ന വാട്‌സ് ആപ്പിലൂടെ ഡോ. റുവൈസിന് സന്ദേശം അയച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. മെസേജ് കിട്ടിയതോടെ ഡോ. റുവൈസ് ഷഹ്നയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ഷഹ്നയുടെ ഫോണില്‍ നിന്നും മെസേജിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു മെസേജ് അയച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഷഹ്നയെ അബോധാവസ്ഥയില്‍ ഫ്‌ലാറില്‍ കണ്ടെത്തുന്നത്.

അതേസമയം, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഈ സന്ദേശം റുവൈസ് ഫോണില്‍ നിന്ന് ഡിലിറ്റ് ചെയ്തിരുന്നു. ഷഹ്നയുടെ മരണത്തിന് ഉത്തരവാദി ഡോ. റുവൈസാണെന്നാണ് പോലീസ് എഫ് ഐആറിലുളളത്.

ഷഹ്നയുടെ കുടുംബത്തിന് സ്ത്രീധനം നല്‍കാനാത്തതിനാല്‍ വിവാഹ ബന്ധത്തില്‍ നിന്നും റുവൈസ് പിന്‍മാറിയതാണ് സുഹൃത്തായ ഡോ.ഷഹ്നയുടെ ആത്മഹത്യക്ക് ഇടയാക്കിയത്.

ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതിനാണ് പോലീസ് തീരുമാനം.

Exit mobile version