പാലക്കാട്: കാശ്മീരിൽ മരണപ്പെട്ട ചിറ്റൂരിലെ നാല് യുവാക്കളുടേയും മൃതദേഹം ജന്മനാട്ടിലെത്തിച്ചു സംസ്‌കരിച്ചു. മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ഒരു നാടാകെ. അവസാനമായി യുവാക്കളെ കാണാനായി പൊതുജനങ്ങളും ഒഴുകി എത്തിയപ്പോൾ ചുറ്റുപാടുനിന്നും ഉയർന്നത് നെഞ്ചുപ്പൊട്ടി കരയുന്നതിന്റേയും തേങ്ങലിന്റെയും അലയൊലികൾ മാത്രം. കടുത്ത നിശബ്ദദതയെ കീറി മുറിച്ച് ഉറ്റവർ പൊട്ടിക്കരഞ്ഞപ്പോൾ ചുറ്റും കൂടി നിന്നവർക്കും കണ്ണീരടക്കാനായില്ല.
നാല് യുവാക്കളുടെയും മൃതദേഹങ്ങൾ ഇന്ന് പുലർച്ചെയാണ് വിമാനമാർഗ്ഗം കൊച്ചി വിമാനത്താവളത്തിലേക്കും തുടർന്ന് ജന്മനാടായ ചിറ്റൂരിലേക്കും എത്തിച്ചത്. ചിറ്റൂർ ടെക്നിക്കൽ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിലെത്തിച്ച് ചടങ്ങുകൾ നടത്തി മന്തക്കാട് പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്. വീട്ടിലേക്ക് എത്തിച്ച മൃതദേഹങ്ങൾ കണ്ട് ഉറ്റവർ തളർന്നു വീണ് കരഞ്ഞത് നോവുന്ന കാഴ്ചയായി.
മരിച്ച രാഹുലിന്റെ മൃതദേഹത്തിൽ ഏഴുമാസം ഗർഭിണിയായ ഭാര്യ നീതു ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റും, റോസാപൂക്കളും സമർപ്പിച്ചത് കണ്ണീർക്കാഴ്ചയായി. ഏറെ പ്രയാസപ്പെട്ടാണ് നീതുവിനെ ബന്ധുക്കൾ ആശ്വസിപ്പിച്ചത്.
ജനിച്ച് ദിവസങ്ങൾമാത്രമായ തന്റെ കൺമണിയെ ഒന്ന് കൂടി പുൽകാനാകാതെയാണ് അനിൽ വിടവാങ്ങിയത്. രണ്ടാഴ്ചമുമ്പായിരുന്നു മകളുടെ 56-ാം ദിവസത്തെ ചടങ്ങ്. നാലുവയസ്സുകാരനായ അശ്വിനാണ് അനിലിന്റെ മൂത്തമകൻ. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെ തിരികെ വീട്ടിലേക്ക് കുഞ്ഞിന്റെ 90 ദിവസത്തെ ചടങ്ങ് കഴിച്ച് വിളിച്ചുകൊണ്ടുവരാനിരിക്കുകയായിരുന്നു. അതിന് മുൻപാണ് അനിലിന്റെ അപ്രതീക്ഷിത മരണം.
നവംബർ 30നാണ് കാശ്മീരിലേക്ക് കുറി നടത്തിയും മറ്റും സ്വരൂപിച്ച പണം കൊണ്ടാണ് ചിറ്റൂർ നെടുങ്ങോട്ടുനിന്നുള്ള 13 അംഗ സംഘം വിേനാദയാത്ര പോയത്. സോജില പാസിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എസ് സുധീഷ് (32), ആർ അനിൽ (33), രാഹുൽ (28), എസ് വിഗ്‌നേഷ് (24) എന്നിവരാണ് മരിച്ചത്. കശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ രാജേഷ് (30), കെ അരുൺ (26) എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മനോജിന്റെ നില ഗുരുതരമാണ്. എങ്കിലും നാട്ടിലെത്തിച്ച് ചികിത്സ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെടും വരെ കാശ്മീരിൽ ചികിത്സയിൽ തുടരും.
യുവാക്കൾ കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.
Discussion about this post