കൊച്ചി: എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് എറണാകുളത്ത് എത്തിയപ്പോഴായിരുന്നു ഇത്. യാത്രയ്‌ക്കൊടുവില്‍ സ്വന്തം കൈപ്പടയില്‍ അദ്ദേഹം ആശംസകളും അറിയിച്ചു.
മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തു. സെല്‍ഫിയെടുത്തും സൗഹൃദം പങ്കിട്ടും സംഘം യാത്ര ആസ്വദിച്ചു. ഇന്ന് വൈപ്പിന്‍, കൊച്ചി, കളമശേരി, എറണാകുളം മണ്ഡലങ്ങളിലാണ് നവകേരള യാത്ര. രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രഭാതയോഗം കലൂര്‍ ഐഎംഎ ഹൗസില്‍ ചേര്‍ന്നു.
‘നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ആശംസകള്‍, പിണറായി വിജയന്‍’ എന്ന് മുഖ്യമന്ത്രി ആശംസയായി കുറിച്ചു.
നവകേരള സദസ്സ് ആരംഭിച്ച് 20 ദിവസം പൂര്‍ത്തിയാകുമ്പോള്‍ 76 നിയമസഭാ മണ്ഡലങ്ങള്‍ പിന്നിടുകയാണ്. നവകേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത് ജനങ്ങളുടെ മനസ്സില്‍ പതിയുന്നുണ്ട് എന്നതിന് തെളിവാണ് നവകേരള സദസ്സിന്റെ വമ്പിച്ച വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി നഗരത്തിന്റെയും കേരളത്തിന്റെയാകെയും അഭിമാനമായ കൊച്ചി മെട്രോയുടെ വികസനം അതിവേഗം പൂര്‍ത്തിയാവുകയാണ്. ഏഴു മാസം പിന്നിട്ട കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ഇതുവരെ ഉപയോഗിച്ചത് 12.5 ലക്ഷത്തില്‍ അധികം ആളുകളാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട വാട്ടര്‍ മെട്രോ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അന്തര്‍ദ്ദേശീയ തലത്തില്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂര്‍വ്വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ഇതോടൊപ്പം തന്നെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലക്കുമ്പോള്‍ അവയെ ഏറ്റെടുത്ത് ലാഭത്തിലാക്കി പൊതുസമൂഹ നന്മയ്ക്കായി നിലനിര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.