കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ മൂന്നംഗ കുടുംബം ഒരു വർഷമായി കൃത്യം പ്ലാൻ ചെയ്യുകയായിരുന്നു എന്ന പോലീസ് വാദത്തിന് ശക്തി പകർന്ന് കൂടുതൽ തെളിവുകൾ. ഓയൂരിലെ കുട്ടിയെ പോലെ നിരവധി കുട്ടികളെ തട്ടിയെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നതിന് തെളിവായി നോട്ട് ബുക്ക്.
പ്രതികൾ ആസൂത്രണം നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുകയാണ്. പ്രതികളായ ദമ്പതികൾ കൂട്ടുപ്രതിയായ മകൾ അനുപമയെ ഉപയോഗിച്ച് ഹണി ട്രാപ്പിന് ശ്രമം നടത്തിയതായുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തെന്ന് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ കുടുംബം തട്ടിയെടുക്കാൻ എളുപ്പമുള്ള നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് പോലീസ് നടത്തിയതെന്ന് 24 റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തി. ഇതിനായി, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു. ഒമ്പതിലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു.
ALSO READ- ജിയോ ബേബി ഇന്ന് മടപ്പള്ളി കോളേജില്‍: വേദിയൊരുക്കി എസ്എഫ്‌ഐ
ഇവർ പെട്ടെന്നൊരു ദിവസം പദ്ധതിയിട്ട് കിട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നില്ലെന്നും കിഡ്‌നാപ്പിംഗ് നടത്താൻ വലിയ മുന്നൊരുക്കം പ്രതികൾ നടത്തിയെന്നും ഇതോടെ വ്യക്തമായി. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കൂടാതെ, സാമ്പത്തിക ഞെരുക്കം മറി കടക്കാൻ സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. അനുപമയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിനു ശ്രമിച്ചത്. സംഘത്തിന്റെ വലയിൽ ആരെങ്കിലും ഉൾപ്പെട്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ഓയൂർ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. പുതിയ ആരോപണങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എംഎം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.
തട്ടിക്കൊണ്ട് പോകലിനായി ഒരു വർഷം നീണ്ട പ്ലാനാണ് പത്മകുമാറും ഭാര്യ അനിത കുമാരിയും മകൾ അനുപമയും നടത്തിയത്. 10 ലക്ഷം രൂപ ആവശ്യപ്പെടാനായിരുന്നു തീരുമാനം. 10ലക്ഷം രൂപ നൽകിയാൽ കുട്ടിയെ നൽകാമെന്ന് പേപ്പറിൽ എഴുതി വെയ്ക്കുകയും ചെയ്തു. എന്നാൽ, തട്ടിക്കൊണ്ട് പോകുന്ന സമയം സഹോദരന്റ കൈയ്യിൽ ഈ പേപ്പർ നൽകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഒളിവിൽ പോവാൻ ശ്രമിക്കവെ തെങ്കാശിയിലെ ഹോട്ടലിൽ നിന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.