കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്‌ഐ. ഫാറൂഖ് കോളേജില്‍ നിന്നും ദുരനുഭവം നേരിട്ടതിന് പിന്നാലെയാണ് സംവിധായകന് എസ്എഫ്‌ഐ പിന്തുണയറിയിച്ചത്. കോഴിക്കോട് മടപ്പള്ളി കോളേജില്‍ ജിയോ ബേബി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി.
സാധ്യമാകുന്ന ഇടങ്ങളിലെല്ലാം സംവിധായകന് വേദിയൊരുക്കുമെന്നും എസ്എഫ്‌ഐ പ്രഖ്യാപിച്ചിരുന്നു. ജിയോ ബേബിയുടെ ധാര്‍മിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം. ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ജിയോ ബേബിക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്നൊക്കെ പറയുന്ന ഒരാളെ കേള്‍ക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത് എന്നും അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും പികെ നവാസ് പ്രതികരിച്ചു. കോളേജ് യൂണിയന്‍ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും പി കെ നവാസ് പറഞ്ഞിരുന്നു.
Discussion about this post