കാശ്മീരിൽ അപകടം: നാല് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു; അവസാനമായി നാടിന്റെ നക്ഷത്രങ്ങളെ ഒരുനോക്ക് കാണാൻ ഒഴുകിയെത്തി ജനങ്ങൾ; കണ്ണീർ

പാലക്കാട്: ഏറെ കൊതിച്ച് കാശ്മീരിലേക്ക് പോയ യാത്ര ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാതെ ചിറ്റൂർ. അപകടത്തിൽ മരിച്ച നാല് പേരുടേയും മൃതദേഹം നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹങ്ങൾ വിമാനമാർഗം കൊച്ചിയിലെത്തിച്ചത്.

തുടർന്ന്, ജന്മനാടായ ചിറ്റൂരിലെത്തിച്ച മൃതദേഹങ്ങൾ ചിറ്റൂർ ടെക്നിക്കൽ സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. ശ്രീനഗർ-ലേ ദേശീയപാതയിൽ ചൊവ്വാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ എസ് സുധീഷ് (32), ആർ അനിൽ (33), രാഹുൽ (28), എസ് വിഗ്‌നേഷ് (24) എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിന് വെച്ചത്.

ഈ അപകടത്തിൽ കശ്മീർ സ്വദേശിയായ ഡ്രൈവർ അജാസ് അഹമ്മദ് ഷായും മരിച്ചിരുന്നു. യാത്രയിൽ ഒപ്പമുണ്ടായിരുന്ന മനോജ് (24), കെ രാജേഷ് (30), കെ.അരുൺ (26) എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മനോജിന്റെ നില ഗുരുതരമാണ്. എങ്കിലും നാട്ടിലെത്തിച്ച് ചികിത്സ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ നില മെച്ചപ്പെടും വരെ കാശ്മീരിൽ ചികിത്സയിൽ തുടരും.

ALSO READ- ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം, മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

ഇക്കഴിഞ്ഞ നവംബർ 30-നാണ് ചിറ്റൂർ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം കാശ്മീരിലേക്ക് തീവണ്ടിമാർഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങൾ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച നിമാത സോജിലാ പാസിൽനിന്ന് സോൻമാർഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയിൽ മോർഹ് എന്ന പ്രദേശത്താണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.

Exit mobile version