തിരുവനന്തപുരം: പിജി സർജൻ ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിന് എതിരെ ശക്തമയാ തെളിവ് ലഭിച്ചെന്ന് പോലീസ്. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. റുവൈസ് സ്ത്രീധനം ചോദിച്ചതിന്റെ തെളിവ് ഫോൺ സന്ദേശങ്ങളിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് റുവൈസിനെതിരെ ചുമത്തിയിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റുവൈസിന്റെയും ഷഹനയുടെയും ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റുവൈസിന്റെ ഫോണിലെ പലസന്ദേശങ്ങളും നീക്കം ചെയ്തനിലയിലായിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ ഫോറൻസിക് പരിശോധന നടത്താനൊരുങ്ങുകയാണ്. ഇതിനിടെ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി ഡോക്ടറായ ഇഎറുവൈസിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് റുവൈസിനെതിരേ നടപടിയെടുത്തത്.
ഈ വിഷയത്തിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രിയും കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടപടി സ്വീകരിച്ചത്.
ALSO READ- അന്ന് ഡോ. വന്ദനദാസിന്റെ മരണത്തിൽ തൊണ്ടകീറി പ്രതിഷേധിച്ച റുവൈസ്; ഇന്ന് ഷഹനയെ മരണത്തിലേക്ക് തള്ളിവിട്ട് പോലീസ് കസ്റ്റഡിയിൽ
വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് പ്രതി റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Discussion about this post