തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ഡോ. റുവൈസ് മെഡിക്കൽ വിദ്യാർഥികളുടെ സംഘടനാപ്രവർത്തനത്തിൽ വളരെ സജീവം. കേരള മെഡിക്കൽ പിജി. അസോസിയേഷന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ഡോ. റുവൈസ്. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ സംഘടനയിൽ നിന്നും പിരിച്ചുവിട്ടു.
അതേസമം, റുവൈസ് സംഘടനയുടെ എല്ലാ പരിപാടികളിലും മുൻനിരയിൽ തന്നെയുണ്ടായിരുന്ന ഭാരവാഹിയാണ്. കൊട്ടാരക്കരയിൽ ചികിത്സയ്‌ക്കെത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസിന് നീതി തേടി പ്രതിഷേധിക്കാനും റുവൈസ് മുന്നിൽ തന്നെയുണ്ടായിരുന്നു.
അന്ന് മെഡിക്കൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധത്തിന് മുൻനിരയിൽ തന്നെ റുവൈസിനെ പഴയ വിഡീയോ ദൃശങ്ങളിൽ കാണാം. അന്ന് ആരോഗ്യമന്ത്രിയുടെ പരാമർശം വിവാദമായപ്പോൾ ശക്തമായി പ്രതിഷേധിക്കാനും റുവൈസുണ്ടായിരുന്നു. റുവൈസിന്റെ പ്രസംഗവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതേസമയം, കഴിഞ്ഞദിവസം ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് ഇയാൾ കസ്റ്റഡിയിലായതിന് പിന്നാലെ ഈ വീഡിയോ വീണ്ടും സാമൂഹികമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ്.
ആരോഗ്യമേഖലയിലെ സുരക്ഷാപ്രശ്നം അടക്കം ചൂണ്ടിക്കാട്ടി ഭരണകൂടത്തിനെതിരേ ആഞ്ഞടിച്ച യുവഡോക്ടറാണ് ഇന്ന് 150 പവനും 15 ഏക്കറും ബിഎംഡബ്യൂ കാറും സ്ത്രീധനമായി ചോദിച്ച് ഒരു വനിതാ ഡോക്ടറെ മരണത്തിലേക്ക് തള്ളിവിട്ടതെന്നത് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുകയാണ്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡോ. റുവൈസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓർത്തോ വിഭാഗത്തിലാണ് പിജി ചെയ്തിരുന്നത്. വെഞ്ഞാറമൂട് സ്വദേശിനിയായ ഡോ. ഷഹന സർജറി വിഭാഗത്തിലും. മെഡിക്കൽ കോളേജിലെ സംഘടനാപ്രവർത്തനത്തിലടക്കം സജീവമായ റുവൈസിനെപ്പറ്റി ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നു എന്ന് സഹോദരൻ ജാസിം നാസ് മാധ്യമങ്ങളോട് പറഞ്ഞു.
അസോസിയേഷന്റെ പ്രസിഡന്റായിരുന്ന റുവൈസിനെ അങ്ങനെയാണ് ഷഹന പരിചയപ്പെടുന്നതെന്നും യുവതിയുടെ സഹോദരൻ ജാസിം നാസ് പറഞ്ഞിരുന്നു. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് ഡോ. റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾക്കെതിരെ, ബുധനാഴ്ച രാത്രി തന്നെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധനനിയമം ഉൾപ്പെടെ ചുമത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു.
ഡോ. റുവൈസ് സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. പോലീസ് കേസെടുത്തെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി. ഒപ്പം അക്കൗണ്ടിലെ ഡിപി നീക്കംചെയ്തു. മൊബൈൽ ഫോണിലെ ചാറ്റുകളടക്കം ഇയാൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇതെല്ലാം വീണ്ടെടുത്തേക്കും.