തിരുവനന്തപുരം: കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത് വ്യാജനിയമനക്കത്ത് നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലി (29) നെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റുചെയ്തത്. ആശുപത്രിയിൽ ജോലിനൽകാമെന്നു പറഞ്ഞ് 50,000 രൂപ കൈപ്പറ്റിയാണ് ഇയാൾ വ്യാജ നിയമന ഉത്തരവ് നൽകിയത്.
എംപി ക്വാട്ടയിൽ റിസപ്ഷനിസ്റ്റ് നിയമനം നൽകാമെന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിയായ യുവതിക്ക് അരവിന്ദിന്റെ വാഗ്ദാനം. ഈനിയമനക്കത്ത് അടക്കം സോഷ്യൽമീഡിയയിൽ ചർച്ചയായതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ പരാതിയിൽ അരവിന്ദിനെ അറസ്റ്റു ചെയ്തത്.
ജനുവരി 17-ന് ജോലിക്കു ഹാജരാകണമെന്നു കാണിച്ചാണ് ഇയാൾ കത്തു കൈമാറിയത്. അരവിന്ദ് പറഞ്ഞതു പ്രകാരം ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്. എന്നാൽ ഈ സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല.
എങ്കിലും, യൂത്ത് കോൺഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ആരോഗ്യവകുപ്പ് ഡയറക്ടർ പരാതി നൽകിയതും പ്രതി പിടിയിലായതും.
Discussion about this post