കഴക്കൂട്ടം: രണ്ടു കാലുകളും ഒരു കൈയും തളര്‍ന്നിട്ടും ഒട്ടേറെപ്പേര്‍ക്ക് സഹായഹസ്തവുമായി ജീവിതത്തെ സന്തോഷത്തോടെ കൊണ്ടുപോകുകയാണ് ഗീത. അതെ അതിജീവനത്തിന്റെ പെണ്‍കരുത്താണ് ഈ 38കാരി. കഴക്കൂട്ടം തുമ്പയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഗീതയും ആശ്രയമായ അമ്മയും. ജനിച്ച് മൂന്നാം വയസ്സില്‍ത്തന്നെ പോളിയോ ബാധിച്ച് ഗീതയുടെ രണ്ടു കാലുകളും ഒരു കൈയും ശോഷിച്ചു. വര്‍ഷങ്ങളോളം കിടക്കയില്‍ കഴിച്ചുകൂട്ടി. ഇപ്പോള്‍ തന്റെ മനസാന്നിദ്ധ്യവും ചികിത്സയും ഗീത മുട്ടില്‍ ഇഴയും.
മകളുടെ അവസ്ഥ കണ്ട് അവള്‍ക്ക് മുന്നില്‍ കരഞ്ഞ് നിരുത്സാഹപ്പെടുത്താനോ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടാനോ അമ്മ നിന്നില്ല. പകരം അഞ്ചാം വയസ്സില്‍ പ്ലാവൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഗീതയെ അമ്മ ഒക്കത്തിരുത്തി കൊണ്ടാക്കി, എന്നിട്ട് കാത്തിരുന്നു സ്‌കൂളിന്റെ വരാന്തയില്‍. സ്‌കൂള്‍സമയം കഴിഞ്ഞ് വീട്ടിലേക്കും ഇതുപോലെ എടുത്തുകൊണ്ടുപോയി.
അമ്മയുടെ കഷ്ടപ്പാട് മകളും മനസ്സിലാക്കി. അവള്‍ അമ്മയെ തോല്‍പിച്ചില്ല. നന്നായി പഠിച്ചു. അങ്ങനെ ഗീത പത്താം ക്ലാസ് ജയിച്ചു. എന്നിട്ടും അമ്മ വിട്ടില്ല, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ മകളെ ചേര്‍ത്തു. വീട്ടില്‍നിന്ന് എട്ടു കിലോമീറ്ററോളം അകലെയാണ് കോളേജ്. അവിടെയും ഗീതയ്ക്ക് അമ്മ താങ്ങായി. കിലോമീറ്ററുകളോളം ഗീതയെ ഒക്കത്തിരുത്തി നടക്കും. ക്ലാസില്‍ ഇരുത്തിയിട്ട് വൈകുന്നേരംവരെ കോളേജിന്റെ വരാന്തയില്‍ ഇരിക്കും. അമ്മയുടെ കണ്ണീരിന്റെ വില അവള്‍ പഠിപ്പില്‍ കാണിച്ചു. ഡിഗ്രിക്ക് ചരിത്രവിഷയത്തില്‍ ബിരുദം നേടി. ഗിതയ്ക്ക് വേണ്ടി വീട് മുഴുവന്‍ കഷ്ടപ്പെട്ടിരുന്നു. അച്ഛന്‍ രവീന്ദ്രന്‍ നായര്‍ കൂലിപ്പണിക്ക് പോയാണ് വീട് നോക്കിയിരുന്നത്. അച്ഛന്റെ കഷ്ടപ്പാടുകള്‍ കണ്ട ഗീത സ്വന്തമായി ജോലി നേടി കുടുംബം നോക്കാന്‍ ആഗ്രഹിച്ചു.
അമ്മയുടെ ഒക്കത്തിരുന്നവള്‍ അമ്മയ്ക്ക് പ്രായമാകുന്നത് കണ്ടു. അങ്ങനെ തന്നെ സഞ്ചരിക്കാന്‍ ആഗ്രഹിച്ചു. അധിക ചക്രങ്ങള്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ പഞ്ചായത്തില്‍ നിന്നു കിട്ടിയതോടെ ഗീത അമ്മയുടെ ഒക്കത്തുനിന്നിറങ്ങി, പഠനം കഴിഞ്ഞ് കിന്‍ഫ്രാ പാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നേടി. അങ്ങനെയാണ് കഴക്കൂട്ടത്തേക്കു ഗീത താമസം മാറ്റിയത്. ഒരു വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. അഞ്ചു വര്‍ഷംവരെ കിന്‍ഫ്രയില്‍ ജോലി നോക്കി. പിന്നീട് മെഴുകുതിരിക്കച്ചവടം നടത്തി. ആക്കുളത്തെ കേരള ഹോട്ടലിന്റെ മുന്നിലിരുന്ന് ലോട്ടറി വില്പനയാണ് ഇപ്പോഴത്തെ തൊഴില്‍.
തന്റെ ജീവിതം എന്നും ഒരു പാഠമാക്കിയ ഗീത സാമൂഹ്യ രംഗത്തും സജീവമാണ്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന പൂമരം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയും പ്ലാവൂര്‍ സര്‍ക്കാര്‍ ഹൈ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയായ നിറം 96ന്റെയും സജീവപ്രവര്‍ത്തകയാണ് ഗീത. നിരവധി സേവനപ്രവര്‍ത്തനങ്ങളാണ് ഗീതയുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്വയം രക്തം നല്‍കാന്‍ ആകില്ലെങ്കിലും മെഡിക്കല്‍കോളേജും ആര്‍സിസിയും ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ അവശ്യഘട്ടങ്ങളില്‍ രക്തം എത്തിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്കായി ആര്‍സിസിയില്‍ ആഴ്ചയില്‍ ഒരു ദിവസം പൊതിച്ചോറ് എത്തിക്കുന്നു.
തന്റെ കൂട്ടുകാരിക്ക് വീടുവെക്കാനുള്ള ധനം സമാഹരിക്കലാണ് ഇപ്പോഴത്തെ ഗീതയുടെ ലക്ഷ്യം.’ ജീവിതത്തില്‍ ഏറ്റവും വലിയ കരുത്ത് അച്ഛനും അമ്മയും നല്‍കിയ പിന്തുണയും സ്നേഹവുമാണ്. കാലുകളും കൈയും തളര്‍ന്ന കുഞ്ഞിനെ വീട്ടിനുള്ളില്‍ തളച്ചിടാതെ പഠിപ്പിച്ചു ജീവിതത്തില്‍ തളരാതെ മുന്നോട്ടു നയിച്ചത് അവരാണ്. എന്റെ വിഷമം എനിക്കറിയാം- ഗീത പറയുന്നു…
അതെ തളരില്ല ഈ കൈകാലുകള്‍. അത് ചലിച്ചുകൊണ്ടിരിക്കും മറ്റുള്ളവര്‍ക്ക് വേണ്ടി…