മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി ഷേബയും ഗീതാഞ്ജലിയും: കുസാറ്റ് ദുരന്തത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രി വിട്ടു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ട് വിദ്യാര്‍ഥിനികളും ആശുപത്രി വിട്ടു. മലപ്പുറം സ്വദേശി ഷേബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരാണ് 10 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സയിലായിരുന്നു ചികിത്സ. ഇത് തങ്ങളുടെ രണ്ടാം ജന്മമെന്ന് ഷേബയും ഗീതാഞ്ജലി പറയുന്നു.

ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ്, ഇരുവരേയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്ന ഡോക്ടര്‍മാരുടെ സംഘത്തെ നയിച്ച ആസ്റ്ററിലെ ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കിയാണ് ഷേബയേയും ഗീതാഞ്ജലിയേയും വീടുകളിലേക്ക് യാത്രയാക്കിയത്.

നവംബര്‍ 25 വൈകിട്ടായിരുന്നു ദുരന്തം. ടെക്‌ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു അങ്കമാലി എസ്.സി.എം.എസ് കോളജ് വിദ്യാര്‍ഥിനിയായ ഷേബക്കും കുസാറ്റിലെ മൂന്നാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥിനിയായ ഗീതാഞ്ജലിക്കും പരിക്കേറ്റത്. ചവിട്ടേറ്റതിനെ തുടര്‍ന്ന് ശ്വാസകോശത്തിലും കരളിലും ഗുരുതര പരിക്കുകളുണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററിലായിരുന്ന ഇരുവരേയും ആരോഗ്യനിലയില്‍ പുരോഗതി കണ്ടു തുടങ്ങിയതോടെ മുറിയിലേക്ക് മാറ്റിയിരുന്നു.

Exit mobile version