തിരുവനന്തപുരം:പത്താം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ സംതൃപ്തിയിലാണ് നടൻ ഇന്ദ്രൻസ്. തനിക്ക് ലഭിച്ച ഏത് അവാർഡിനേക്കാളും തന്നെ തൃപ്തിപ്പെടുത്തുക പത്താംക്ലാസ് പരീക്ഷ ജയിച്ചെന്ന സർട്ടിഫിക്കറ്റാണെന്ന് താരം മുൻപ് പറയുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഏഴാം ക്ലാസ് വിജയിച്ചതിന്റെ രേഖ കിട്ടാനായുള്ള കാത്തിരിപ്പിലാണ് താരം. ഈ രേഖ കിട്ടിയാൽ ഇന്ദ്രൻസിന് സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിൽ നേരിട്ട് പങ്കെടുക്കാം. ഇതിനായി ഏഴാം ക്ലാസിലെ പരീക്ഷയുടെ രേഖകൾ തേടി സാക്ഷരതാ മിഷൻ ഇന്ദ്രൻസ് പഠിച്ച കുമാരപുരം ഗവ.മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്‌കൂളിനു കത്തെഴുതിയിരിക്കുകയാണ്.
ഇനി അഥവാ രേഖകൾ കണ്ടെടുക്കാനായില്ലെങ്കിൽ ഇന്ദ്രൻസ് ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ പങ്കെടുക്കും. തുടർന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷയും എഴുതും. ഇതിനായി വേണ്ടി വരുന്നത് ഒന്നര വർഷമാണ്. ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയാറാണെന്ന് ഇന്ദ്രൻസ് സാക്ഷരതാ മിഷൻ ഡയറക്ടർ എജി ഒലീനയെ അറിയിക്കുകയും ചെയ്തു.
സാക്ഷാരതാ മിഷന്റെ നിബന്ധനകൾ പ്രകാരം നാലാം ക്ലാസ് വിജയിച്ചവർക്കാണ് ഏഴാം തരം തുല്യതാ പരീക്ഷ എഴുതാനാകുക. ഇന്ദ്രൻസ് 7 വരെ സ്‌കൂളിൽ പോയെങ്കിലും കൈയ്യിൽ നാലാം ക്ലാസ് വിജയിച്ചതിന്റെ രേഖകൾ മാത്രമേയുള്ളൂ.
അതുകൊണ്ടാണ് നടൻ യോഗ്യതയായി നാലാം ക്ലാസ് എന്നു പറഞ്ഞിരുന്നത്. ഏഴിൽ ഇന്ദ്രൻസിനൊപ്പം പഠിച്ച ഒട്ടേറെ സഹപാഠികളെയും സാക്ഷരതാ മിഷൻ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post