പത്തനംതിട്ട: യുവതി പ്രവേശനത്തിന് പിന്നാലെ ശബരിമല നടയടച്ച സംഭവത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴ്മണ്‍ മഠം രംഗത്ത്. തന്ത്രിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്നും തന്ത്രി പദവി കുടുംബപരമായി കിട്ടിയതാണെന്നും താഴമണ്‍ കുടുംബം പറഞ്ഞു.
ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് നേരത്തെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരന്‍ മാത്രമാണ് തന്ത്രിയെന്നും ആവശ്യമെങ്കില്‍ തന്ത്രിയെ മാറ്റാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശബരിമല ക്ഷേത്രത്തിന്‍ മേലുള്ള തങ്ങളുടെ അവകാശം വാദവുമായി തന്ത്രികുടുംബം രംഗത്തു വന്നിരിക്കുന്നത്.
വാര്‍ത്താ കുറിപ്പ്:
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാദ്ധൃമങ്ങളില്‍ ശബരിമല തന്ത്രിയെ പറ്റിനടത്തിയ പരാമര്‍ശങ്ങള്‍ പലതും തെറ്റിധാരണയ്ക്ക് വഴിയൊരുക്കുന്നവയാണ് ചിലത് ചൂണ്ടിക്കാണിക്കാന്‍ താല്പരൃപ്പെടുകയാണ് ഇവിടെ.
1. AD.55 വരെ നിലയ്ക്കലായിരുന്ന താഴമണ്‍മഠത്തിന് ശബരിമലതന്ത്രം BC 100 ലാണ് നല്‍കപെട്ടത്. അത് ശ്രീ പരശുരാമ മഹര്‍ഷിയാല്‍ കല്പിച്ചതുമാണ്. താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശം ആണ് ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല
2. ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ഓരോ ക്ഷേത്രങ്ങളിലുമുളള പ്രത്യേക നിയമങ്ങള്‍ അതാതു ക്ഷേത്രത്തിലെ പ്രതിഷ്ഠാസങ്കല്പങ്ങള്‍ക്ക് അനുസൃതമാണ് ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളീയ തന്ത്രശാസ്ത്രപ്രകാരവും ഗുരുപരമ്പരയുടെ ശിക്ഷണവും ഉപദേശവും അനൂസരിച്ചാണ് അതിനാല്‍ അതിലെ പാണ്ഡിത്യം അനിവാരൃമാണ് ആയതിനാല്‍ ആചാരനുഷ്ഠാനങ്ങള്‍ സംബന്ധിച്ച് തന്ത്രിയ്ക്കാണ് ഒരോ ക്ഷേത്രത്തിലെയും പരമാധികാരം.
ഈ പരമാധികാരത്തെ സ്ഥാപിക്കുന്ന അനവധി സുപ്രീകോടതി വിധികളും നിലവിലുണ്ട്. അതിനാല്‍ തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ക്ഷേത്ര ആചാര അനുഷ്ഠാനം സബന്ധിച്ചുളള അന്തിമ തീരുമാനവും അത് പ്രാവര്‍ത്തികമാക്കുന്നതിനുളള അധികാരവും ശാസ്ത്രഗ്രന്ഥങ്ങള്‍പ്രകാരവും കീഴ് വഴക്കവും അനുസരിച്ച് തന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിട്ടുളളതാണ്.
3.ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വീകരിക്കുന്നതും. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിധാരണ പരത്തുന്ന പ്രസ്ഥാവനകളും മറ്റും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമ്പോള്‍ അത് താഴമണ്‍ മഠത്തിനടക്കം ഉണ്ടാക്കുന്ന വിഷമം ഏറെയാണ്. ഇക്കാര്യം ഇനിയും സമൂഹം അറിയാതെ പോകരുത് എന്നത് കൊണ്ട് മാത്രമാണീ കുറിപ്പ്.
Discussion about this post