വ്യാജ ഐഡി കാര്‍ഡ് സ്വയം ഉണ്ടാക്കി, ഷൊര്‍ണൂര്‍ – നിലമ്പൂര്‍ ട്രെയിനില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍

ഇയാള്‍ റെയില്‍വേയുടെ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏതാനും ദിവസങ്ങളായി യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് വരികയായിരുന്നു.

മലപ്പുറം: ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളിലാണ് മുഹമ്മദ് സുല്‍ഫിക്കര്‍ (28) എന്ന യുവാവ് ടിടിഇ ചമഞ്ഞ് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നത്.

ഇയാള്‍ റെയില്‍വേയുടെ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏതാനും ദിവസങ്ങളായി യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ച് വരികയായിരുന്നു.

നിലമ്പൂര്‍ ആര്‍ പി എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച രാവിലെ ചെറുകരയ്ക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കുവെച്ചാണ് സുല്‍ഫിക്കറിനെ പിടികൂടിയത്. സുല്‍ഫിക്കര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഐഡി കാര്‍ഡ് സ്വയം നിര്‍മിക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബ് റഹ്‌മാനും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പ്രതിയെ ഷൊര്‍ണൂര്‍ ആര്‍ പി എഫ് പോസ്റ്റ് കമാന്‍ഡര്‍ ക്ലാരി വത്സ ഷൊര്‍ണൂര്‍ റെയില്‍വേ പോലീസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ മാത്യു തുടരന്വേഷണം ആരംഭിച്ചു.

Exit mobile version