ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണിമില്ല: വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍

ബംഗളൂരു: ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം കണ്ടെത്താന്‍ വീട് പണയം വെച്ചതായി റിപ്പോര്‍ട്ട്. 15000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബംഗളൂരുവില്‍ ബൈജു രവീന്ദ്രന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടു വീടുകളും നിര്‍മ്മാണത്തിലിരിക്കുന്ന വില്ലയും പണയം വെച്ച് ഏകദേശം നൂറ് കോടി രൂപയാണ് കണ്ടെത്തിയത്.

കഴിഞ്ഞാഴ്ച ചില ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വൈകുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നാണ് ശമ്പളം വൈകുന്നത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. കമ്പനിയുടെ എല്ലാ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച നവംബറിലെ ശമ്പളം നല്‍കിയതായി കമ്പനി സ്ഥിരീകരിച്ചു. 2022 ജൂലൈയില്‍ കമ്പനിയുടെ മൂല്യം 2200 കോടി ഡോളറായിരുന്നു. അടുത്തിടെ ആംസ്റ്റര്‍ഡാമില്‍ ലിസ്റ്റ് ചെയ്ത നിക്ഷേപ സ്ഥാപനം ബൈജൂസിന്റെ മൂല്യം 300 കോടി ഡോളറായി താഴ്ത്തിയിരുന്നു.

ഒക്ടോബറില്‍ പുറത്തിറങ്ങിയ ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ ബൈജു രവീന്ദ്രന്‍ ഇടംപിടിച്ചിരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തെ സമ്പന്നരായ സംരംഭകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബൈജു രവീന്ദ്രനാണ് മാസങ്ങള്‍ക്ക് ശേഷം ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ പോലും ഇടംപിടിക്കാതെ പോയത്. അന്ന് 330 കോടി ഡോളറായിരുന്നു ബൈജു രവീന്ദ്രന്റെ ആസ്തി. ആഗോള സമ്പന്നരുടെ പട്ടികയില്‍ ബൈജു രവീന്ദ്രനും കുടുംബവും 994-ാം സ്ഥാനത്തായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, വിദേശ നാണ്യ വിനിമയ ചട്ട ലംഘനത്തിന്റെ പേരില്‍ നടപടികളും നേരിടുന്നുണ്ട്.

Exit mobile version