കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, മരുന്ന് നൽകി തിരിച്ചയച്ചു; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

തൃശ്ശൂർ: അപ്പന്റിക്‌സ് ബാധിച്ച് ചികിത്സ തേടിയ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും ജനപ്രതിനിധികളും. ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളെജിലെത്തിയിട്ടും രോഗനിർണയത്തില പിഴവ് മരണത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം. ഉത്തരവാദികൾക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.

ചാലക്കുടി സ്വദേശിനിയായ അനറ്റ് എന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മരണമാണ് കുടുംബത്തിന് തോരാക്കണ്ണീരാകുന്നത്. കഴിഞ്ഞ 20 നാണ് വയറുവേദനയെത്തുടർന്ന് അനിറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കൽ കാണിച്ചത്.

ഇവിടെ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തുകയും ഡോക്ടർ മരുന്നു നൽകി മടക്കി അയക്കുകയുമായിരുന്നു.പിന്നീട് വയറുവേദന കലശലായതിനാൽ രണ്ടു ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി. ഇതോടെ അപ്പന്റിക്‌സ് ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും കണ്ടെത്തിയത്.

ALSO READ- ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്നു, മലയാളി നഴ്‌സ് സൗദിയില്‍ മരിച്ച നിലയില്‍, വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തി മടങ്ങിയത് കഴിഞ്ഞമാസം

മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലെത്തിക്കുകയും സ്‌കാനിങ്ങും മറ്റു പരിശോധനകളും നടത്തുകയും ചെയ്തു. എന്നാൽ, മറ്റു കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ മടക്കുകയായിരുന്നു.


വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26ന് ഛർദ്ദിച്ച് അവശയായി. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗ നിർണയത്തിലെ അപാകതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെ ആരോപിച്ചത്.

ഇതുവരെ തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനായി ആശുപത്രിയെ സമീപിക്കും. പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്നും അനറ്റിന്റെ കുടുംബം അറിയിച്ചു.

Exit mobile version